റോഡിന്‍റെ സൈഡ് കോൺക്രീറ്റ് ഇടുന്നതിനിടെ മിക്സർ മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ട് ജെസിബികള്‍ ഒന്നിച്ച് മിക്സര്‍ പൊക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 

വയനാട്: വയനാട്പടിഞ്ഞാറത്തറയില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു. തമിഴ്‌നാട് ഈറോഡ് സ്വദേശി ശിവരാജ് (50) ആണ് മരിച്ചത്.

പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ റോഡ് പണിക്കായി കോൺക്രീറ്റ് മിക്സിംഗ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡിന്‍റെ അരികില്‍ കോൺക്രീറ്റ് പണി നടക്കുകയായിരുന്നു. ഇതിനിടെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം മറിയുകയും ശിവരാജ് അതിനടിയില്‍ കുടുങ്ങുകയുമായിരുന്നു.

തുടര്‍ന്ന് പ്രദേശത്തെ രണ്ട് ജെസിബികള്‍ ഒന്നിച്ച് മിക്സര്‍ പൊക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ കല്‍പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ശിവകുമാറിനെ പുറത്തെടുത്തത്. മാനന്തവാടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.