പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന നഗരസഭ കഴിഞ്ഞവർഷം സംസ്ഥാനത്ത് നികുതി പിരിവിൽ ഒന്നാമതെത്തിയിരുന്നു.
പാലക്കാട്: നികുതിയടക്കാത്തതിനെ തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്. മൂന്നുവർഷത്തിലധികമായി നികുതിയടയ്ക്കാത്തതിനെത്തുടർന്നാണ് സിപിഎം പാർട്ടി ഓഫീസുകൾക്കെതിരെ ഷൊർണൂർ നഗരസഭ റവന്യൂ റിക്കവറി നടപടിയെടുത്തത്. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരയാണ് നടപടി. കുളപ്പുള്ളി പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ നികുതിക്കുടിശ്ശിക 75000 രൂപയും ഷൊർണൂരിൽ 25000 രൂപയും കുടിശികയുണ്ട്.
പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന നഗരസഭ കഴിഞ്ഞവർഷം സംസ്ഥാനത്ത് നികുതി പിരിവിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ, നൂറുശതമാനത്തിൽ ഉൾപ്പെടാതിരുന്നത് സിപിഎം പാർട്ടി ഓഫീസുകളുടെ കൂടി നികുതി കുടിശ്ശികയായതോടെയാണ്. പാർട്ടിഫണ്ട് ലഭിക്കുന്നമുറയ്ക്ക് നഗരസഭയുടെ നികുതി കുടിശ്ശിക തീർക്കുമെന്ന് സി.പി.എം. നേതാക്കൾ അറിയിച്ചു.
ഷൊർണൂർ പാർട്ടി ഓഫീസ് മുൻ മന്ത്രി ടി. ശിവദാസമേനോന്റെ പേരിലാണ്. രണ്ടു കെട്ടിടങ്ങൾക്കും നഗര സഭ റവന്യൂ റിക്കവറി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി പി.എസ്. രാജേഷ് പറഞ്ഞു. ഇതുൾപ്പെടെ 40 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പാർട്ടിഫണ്ട് ലഭിക്കുന്നമുറയ്ക്ക് നഗരസഭയുടെ നികുതിക്കുടിശ്ശിക തീർക്കുമെന്ന് സി.പി.എം. നേതാക്കൾ അറിയിച്ചു
