തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ സംഘർഷം. യുപി വിഭാഗം സംഘനൃത്തത്തിലെ ഫല പ്രഖ്യാപനത്തെ ചൊല്ലിയാണ് തർക്കം നടക്കുന്നത്. വിധികര്‍ത്താക്കള്‍ പക്ഷപാദപരമായി പെരുമാറിയെന്നും നന്നായി കളിച്ച തങ്ങള്‍ക്ക് ഒന്നാം സ്ഥാനം നല്‍കിയില്ലെന്നും ആരോപിച്ച് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികളും രക്ഷിതാക്കളുമാണ് വേദിയിൽ പ്രതിഷേധിക്കുന്നത്. 

എന്തുകൊണ്ട് ഒന്നാം സ്ഥാനം നല്‍കിയില്ലെന്ന ചോദ്യത്തിന് വിധികര്‍ത്താക്കള്‍ ഉത്തരം നല്‍കിയില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും വ്യക്തമാക്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മത്സരം നടന്ന ഒന്നാം വേദിയില്‍ പ്രതിഷേധം ആരംഭിച്ചു. ഇതേത്തുടര്‍ന്ന് വേദിയില്‍ നടക്കേണ്ടിയിരുന്ന മറ്റുമത്സരങ്ങള്‍ തടസ്സപ്പെട്ടു. വീഡ‍ിയോ കണ്ട് വീണ്ടും ഫലപ്രഖ്യാപനം നടത്തണമെന്നാണ് പൊലീസും രക്ഷിതാക്കളും നടത്തിയ ചര്‍ച്ചയില്‍ രക്ഷിതാക്കളുടെ ആവശ്യം. അപ്പീല്‍ ആവശ്യം രക്ഷിതാക്കള്‍ തള്ളി.