തൃശൂര്‍: ലാലൂര്‍ കായിക സമുച്ചയം ഉദ്ഘാടന വിവാദത്തിനു പിറകെ, അയ്യന്തോള്‍ സോണല്‍ ഓഫീസ് മാറ്റുന്നതിനെ ചൊല്ലിയും കോര്‍പറേഷനില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും മുമ്പേ അയ്യന്തോള്‍ സോണല്‍ ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.

അയ്യന്തോള്‍ സോണല്‍ ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിരുന്നു. കേരള മുന്‍സിപ്പല്‍ ചട്ടപ്രകാരം 21 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് നല്‍കിയ കത്ത് പ്രകാരം മാര്‍ച്ച് 12-ന് പ്രത്യേക കൗണ്‍സില്‍ ചേരാനിരിക്കെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ  സോണല്‍ ഓഫീസ് മാറ്റിയെന്നാണ് ആരോപണം.

അതേസമയം, സോണല്‍ ഓഫീസ് പുതുക്കി പണിയുന്നതിന് നേരത്തെ തന്നെ കൗണ്‍സില്‍ തീരുമാനിച്ചതാണെന്നും നിര്‍മാണ ഘട്ടത്തില്‍ ഓഫീസ് പ്രവര്‍ത്തനം മറ്റൊരിടത്തേക്ക് മാറ്റുമെന്നും കൗണ്‍സില്‍ ധാരണയുള്ളതാണെന്നുമാണ് ഭരണപക്ഷ വിശദീകരണം. നേരത്തെ, ലാലൂരില്‍ മാലിന്യ പ്ലാന്റ് നിര്‍മാണോദ്ഘാടന ചടങ്ങിന് സ്ഥലം കൗണ്‍സിലറെ അവഗണിച്ചെന്നാരോപിച്ച് പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മന്ത്രി ഇ.പി.ജയരാജന്‍ പങ്കെടുത്ത കായിക സമുച്ചയ നിര്‍മ്മാണോദ്ഘാടന പരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറിയും തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ എ.പ്രസാദിനെയാണ് ക്ഷണിക്കാതിരുന്നത്.

ലാലൂരില്‍ നിര്‍മാണം തുടങ്ങുന്നത് കായിക സമുച്ചയമാണോ അതോ മലിനീകരണ പ്ലാന്റാണോ എന്ന രീതിയില്‍ പ്രതിപക്ഷം ആശയകുഴപ്പങ്ങളുണ്ടാക്കിയതും വിവാദമായിരുന്നു. എന്നാല്‍ ജനകീയ എതിര്‍പ്പുള്ളതിനാല്‍ ലാലൂരില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ കഴിഞ്ഞ ദിവസം വിശദീകരിക്കുകയും ചെയ്തു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ആധുനിക മാലിന്യ പ്ലാന്റ് ഇവിടെയാണ് നിര്‍മിക്കുന്നതെന്നാണ് തൊട്ടുമുമ്പ്  സ്ഥലം സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ടോം ജോസ് സ്ഥിരീകരിച്ചതാണ് ആശയക്കുഴപ്പങ്ങളുണ്ടാക്കിയത്. മാലിന്യ പ്ലാന്റിനെ കളക്ടര്‍ വിളിച്ച യോഗത്തില്‍ കൗണ്‍സിലര്‍ എ പ്രസാദ് ശക്തമായി എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ക്കും പ്രസാദിന്റെ നിലപാടിനെ പിന്തുണക്കേണ്ടി വന്നു. ഇത് സി.പി.എമ്മിലും തര്‍ക്കത്തിന് ഇടയാക്കി. ഇതിനു പിന്നാലെയാണ് മാലിന്യ പ്ലാന്റിനു എന്ന് പറഞ്ഞ സ്ഥലത്ത് കായിക സമുച്ചയം നിര്‍മിക്കാന്‍ തീരുമാനിച്ചതും തറക്കല്ലിട്ടതും. പദ്ധതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ നിര്‍മ്മാണോദ്ഘാടനം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു.