സിഎ ജോസ് പറയുന്നത് പോലെ ഒരു ധാരണ ഇല്ലെന്നും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും രാജേന്ദ്രൻ നായർ പറയുന്നു

തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടിട്ടും രാജിവെക്കാൻ തയ്യാറാകാതിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് പുറത്താക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം കാരോട് പഞ്ചായത്തിലെ പ്രസിഡന്‍റ് എം രാജേന്ദ്രൻ നായരെയാണ് പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് കോൺഗ്രസ് പുറത്താക്കിയത്. രണ്ടര വർഷം കാലാവധി പൂർത്തിയാക്കിയാൽ രാജിവെക്കണമെന്ന ധാരണ പാലിക്കാതിരുന്നതാണ് കാരണം.

കാലാവധി കഴിഞ്ഞിട്ടും അധികാരം ഒഴിയാൻ രാജേന്ദ്രൻ നായര്‍ തയ്യാറായില്ല. പാര്‍ട്ടിക്ക് അകത്തും പഞ്ചായത്ത് കമ്മിറ്റിയിലും പ്രതിഷേധമുയര്‍ന്നു. രണ്ടാം ടേമിൽ പ്രസിഡന്‍റാകേണ്ട സി എ ജോസ് രണ്ടര വര്‍ഷം മുൻപത്തെ പാര്‍ട്ടി യോഗത്തിന്‍റെ മിനിറ്റ്സ് അടക്കം എടുത്ത് പുറത്തിട്ടു. ഇതോടെ സംഗതി പിടിവിട്ടു. ഡിസിസി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും രാജേന്ദ്രൻ നായർ രാജിക്ക് വഴങ്ങിയില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്‍റിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. 

സിഎ ജോസ് പറയുന്നത് പോലെ ഒരു ധാരണ ഇല്ലെന്നും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും രാജേന്ദ്രൻ നായർ പറയുന്നു. സമുദായ സന്തുലനം പാലിക്കാൻ ഉണ്ടാക്കിയ കരാറാണ് പ്രസിഡന്‍റ് ലംഘിച്ചതെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നു. സ്ഥാനമൊഴിയാൻ തയ്യാറാകാത്ത പ്രസിഡന്‍റിന്‍റെ നടപടിയിൽ പ്രതിഷേധവുമുണ്ട്. 19 അംഗ പഞ്ചായത്തിൽ 10 പേരാണ് കോൺഗ്രസിനുള്ളത്. സിപിഎമ്മിന് അഞ്ചും ബിജെപിക്ക് രണ്ടും അംഗങ്ങളുണ്ട്. മറ്റ് രണ്ട് പേർ സ്വതന്ത്രരാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടിക്കകത്തെ പടപ്പുറപ്പാട് പരമാവധി പുറത്ത് അറിയിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്