തന്റെ ഭൂമിയിൽ അതിക്രമിച്ചുകയറിയെന്ന ഭൂവുടമ മുല്ലക്കൽ സരള രവീന്ദ്രന്റെ പരാതിയിൽ കല്ല് പുനഃസ്ഥാപിച്ചു.
കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കെതിരെ (Silver Line) പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസുകാർ (Congress) പിഴുതുമാറ്റിയ സർവ്വേക്കല്ല് തിരിച്ചിടിയിച്ച് ഭൂവുടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് കോൺഗ്രസുകാരെത്തി കെ റെയിലിന് (K Rail) ഇട്ട സർവ്വേ കല്ല് പിഴുതുമാറ്റിയത്. എന്നാൽ തന്റെ ഭൂമിയിൽ അതിക്രമിച്ചുകയറിയെന്ന ഭൂവുടമ മുല്ലക്കൽ സരള രവീന്ദ്രന്റെ പരാതിയിൽ കല്ല് പുനഃസ്ഥാപിച്ചു. ചോറ്റാനിക്കര പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് കെ റെയിൽ അധികൃതരെത്തി സർവ്വെ കല്ല് പുനഃസ്ഥാപിച്ചത്.
കെ റെയിൽ കല്ലിടുന്നതിനെതിരെ പ്രദേശത്ത് കോൺഗ്രസ്, ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധിക്കുന്നവർക്ക് മർദ്ദനമേറ്റ വാർത്തകൾ നിരവധിയായി പുറത്തുവരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സിൽവർലൈനിൽ തെരുവിലിറങ്ങി ജനങ്ങളുടെ പ്രതിഷേധം; പിന്തുണച്ച് പ്രതിപക്ഷം, പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ (Silver Line) ആളിക്കത്തി പ്രതിഷേധം. ഭൂമി നഷ്ടമാകുന്ന ജനങ്ങൾക്കൊപ്പം പ്രതിപക്ഷവും അതിര് കല്ലിടലിനെതിരെ സമരം കടുപ്പിക്കുകയാണ്. എന്നാൽ പ്രതിഷേധങ്ങൾ തെരുവ് യുദ്ധമാകുമ്പോഴും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi vijayan).
സിൽവർ ലൈൻ കല്ലിടലിനെതിരെ വീട്ടമ്മമാരടക്കം രംഗത്തിറങ്ങിയതോടെ സമാനതകളില്ലാത്ത സമരത്തിലേക്കാണ് കേരളം പോകുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് മലപ്പുറത്തുമുണ്ടായത്. സ്ത്രീകളടക്കം കല്ലുകൾ പിഴുതുമാറ്റി. തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങൾ പ്രതിഷേധിച്ചു. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ വെങ്ങാനൂര്‍ ജുമാ മസ്ജിദിന്‍റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും പൊലീസ് സഹായത്തോടെ വീടുകളുടെ പറമ്പില്‍ കല്ലിടുന്നത് തുടർന്നു. എന്നാല്‍ ഈ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു.
എന്നാൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്ന് പിണറായി ആവർത്തിച്ചു. കെ റെയിലിനെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധം തെരുവിലെ ഏറ്റുമുട്ടലാകുമ്പോഴാണ് നിലപാട് ശക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയ സമരത്തിന് യുഡിഎഫ് സംസ്ഥാന വ്യാപകമായി പൂർണ്ണ പിന്തുണ നൽകുമ്പോഴും മുഖ്യമന്ത്രി ഒരിഞ്ചും പിന്നോട്ടില്ലെന്ന് വ്യക്തമാണ്.
നിയമസഭാ സമ്മേളനം തീർന്നതോടെ സിൽവർ ലൈൻ സമരം സർക്കാറിനെതിരെ സജീവമായി ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. മുതിർന്ന നേതാക്കൾ തന്നെ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിഞ്ഞുള്ള സമരത്തിന് നേതൃത്വം നൽകുന്നു. കെ റെയില്‍ പദ്ധതിക്ക് എതിരെ നടക്കുന്നത് ജനകീയ സമരമാണ്. അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും സതീശന്‍ വ്യക്തമാക്കി. കോൺഗ്രസ് മാത്രമല്ല ബിജെപിയും സിൽവർലൈനിൽ കടുപ്പിക്കുകയാണ്. കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് കല്ലിടാൻ വന്നാൽ പ്രതിരോധിക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. കോൺഗ്രസ്സും ബിജെപിയും എസ്ഡിപിഐയും വികസനം തടയാൻ കൈകോർക്കുന്നു എന്ന ആക്ഷേപം ആവർത്തിച്ചാണ് സിപിഎം പ്രതിരോധം. എന്നാൽ ജനകീയ സമരം ഏറ്റെടുത്ത് മുന്നോട്ട് പോകാൻ തന്നെ പ്രതിപക്ഷം തീരുമാനിക്കുമ്പോൾ വരും ദിവസങ്ങളിൽ രാഷ്ട്രീയപ്പോര് അതിശക്തമായി തുടരും.
