ഇടുക്കി: നിയമങ്ങൾ കാറ്റിൽ പറത്തി ഇടുക്കിയിലെ വെള്ളാരംകുന്നിൽ ബഹുനില കെട്ടിട നിർമ്മാണം. യാതൊരു അനുമതിയും ഇല്ലാതെ പണിത കെട്ടിടം നാട്ടുകാരുടെ നടവഴി തടസ്സപ്പെടുത്തുന്നുവെന്നും, കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പരിസരവാസികളുടെ കുടിവെള്ള ശ്രോതസ്സുകൾക്ക് ഭീഷണിയാണെന്നുമാണ് പരാതി.

പ്ലാനിലെ അപകാതകൾ മൂലം കുമളി പഞ്ചായത്ത് തുടക്കത്തിലേ കെട്ടിട നിർമ്മാണത്തിന് അനുമതി നിഷേധിച്ചതാണ്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വെള്ളാരംകുന്ന് സ്വദേശി ജെയിംസ് മാത്യു ഹോംസ്റ്റേകൾക്കായുള്ള ഈ നാല് നില കെട്ടിടം കെട്ടിപ്പൊക്കി. വർഷങ്ങളായി നാട്ടുകാർ ഉപയോഗിക്കുന്ന നടവഴി പോലും ഇതിനായി കയ്യേറിയെന്നാണ് പരാതി. കുടിവെള്ള ശ്രോതസ്സുകളിൽ നിന്ന് ഏഴ് മീറ്റർ അകലമെങ്കിലും സെപ്റ്റിക് ടാങ്കുകൾക്ക് വേണമെന്ന നിയമവും പാലിച്ചിട്ടില്ല.

കെട്ടിട നിർമ്മാണത്തിൽ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് കുമളി അസിസ്റ്റന്റ് എഞ്ചിനീയറും പറയുന്നു. എന്നാൽ ഏതാനും നാട്ടുകാർക്ക് തന്നോടുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് ജെയിംസ് മാത്യുവിന്റെ വിശദീകരണം.

"