കരവാരം പഞ്ചായത്തിൽ എൽഡിഎഫ് വൻ വിജയം നേടി. മുൻപ് ഭരിച്ചിരുന്ന ബിജെപിയെ ഒരു സീറ്റിൽ ഒതുക്കിയാണ് 13 സീറ്റുകളുമായി എൽഡിഎഫ് അധികാരം പിടിച്ചത്. ബിജെപിയിൽ നിന്ന് വാർഡുകൾ തിരികെ പിടിക്കാൻ കരവാരം ഒരു മാതൃകയാണെന്ന് സിപിഎം സൈബർ ഇടങ്ങളിൽ പ്രചാരണം നടക്കുന്നു.

തിരുവനന്തപുരം: തലസ്ഥാനത്തെ കോർപ്പറേഷനിൽ ബിജെപി അട്ടിമറി വിജയം സ്വന്തമാക്കിയെങ്കിലും ബിജെപി ഭരണത്തിലുണ്ടായിരുന്ന കരവാരം പഞ്ചായത്ത് തിരികെ പിടിക്കാനായതിന്‍റെ ആശ്വസത്തിൽ ഇടത് കേന്ദ്രങ്ങൾ. ബിജെപി പിടിച്ച സീറ്റുകളിൽ എങ്ങനെ പ്രവർത്തിച്ച് വാർഡുകൾ തിരികെയെടുക്കാമെന്ന് കരവാരം പഞ്ചായത്തിലെ പാർട്ടിയെ കണ്ട് പഠിക്കണമെന്നാണ് സമൂഹ്യമാധ്യമങ്ങളിൽ സിപിഎം സൈബർ പോരാളികൾ വിശദീകരിക്കുന്നത്. 20 വാർഡുകളുള്ള കരവാരം പ‌ഞ്ചായത്തിൽ 13 സീറ്റുകൾ നേടിയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫ് 2 സീറ്റിലൊതുങ്ങിയപ്പോൾ എസ്ഡിപിഐ 4 സീറ്റുകൾ നേടി. 

2020ലെ തെരഞ്ഞെടുപ്പിൽ 18ൽ 9 സീറ്റ് നേടി അധികാരത്തിൽ വന്ന ബിജെപിക്ക് ഇത്തവണ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. 7 സീറ്റുകളിൽ മാത്രമായിരുന്നു എൽഡിഎഫ് ജയിച്ചത്. നാലുവർഷത്തിനുശേഷം ബിജെപിയിലെ പടലപ്പിണക്കങ്ങളെ തുടർന്ന് രണ്ടംഗങ്ങൾ രാജിവച്ചത് തിരിച്ചടിയായിരുന്നു. തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചതോടെ എസ്ഡിപിഐയുടെ പിന്തുണയോടെ എൽഡിഎഫ് അധികാരത്തിലെത്തി. ഇത്തവണ 13 സീറ്റുകളിൽ വിജയിച്ചതോടെ എൽഡിഎഫിന് ഒറ്റയ്ക്ക് ഭരിക്കാം.

കല്ലമ്പലം, പുതുശ്ശേരിമുക്ക്, എതുക്കാട്, മുടിയോട്ടുകോണം, തോട്ടയ്ക്കാട്, കണ്ണാട്ടുകോണം, പട്ടകോണം, ഞാറയ്ക്കാട്ട് വിള, ഇരമം, പട്ട്ള, മേവർക്കൽ പുതിയതടം, ചാത്തൻപാറ എന്നീ വാർഡുകളിൽ എൽഡിഎഫും ആലംകോട്, പറക്കുളം വാർഡുകളിൽ യുഡിഎഫും കൊണ്ണൂറി, വഞ്ചിയൂർ, പള്ളിമുക്ക്, മുല്ലശേരി വാർഡുകളിൽ എസ്ഡിപിഐയും വിജയിച്ചപ്പോൾ കരവാരം വാർഡിൽ മാത്രമായി ബിജെപി ഒതുങ്ങി. ഇതാണ് പഞ്ചായത്തിനെ ഉയർത്തിക്കാട്ടി സിപിഎം അണികൾ പ്രവർത്തകരെ ആശ്വസിപ്പിക്കുന്നത്. വീടുകയറിയും വോട്ടര്‍മാരെ നേരിട്ട് കണ്ടും പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് വോട്ടര്‍മാരോട് നേരിട്ട് മറുപടി നല്‍കിയും അടിത്തട്ടില്‍ നിന്നുള്ളതായിരുന്നു കരവാരത്തെ പ്രചാരണ രീതി. മിക്കയിടത്തും സിപിഎമ്മിന് ഇല്ലാതെ പോയതും ഈ ശൈലിയാണെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.