എറണാകുളം പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച 89-കാരനായ സി. നാരായണൻ നായർക്ക് ലഭിച്ചത് 9 വോട്ട്. പ്രായം ഒരു തടസമല്ലെന്നും നിലപാടാണ് പ്രധാനമെന്നും പറഞ്ഞായിരുന്നു വോട്ടഭ്യർത്ഥന.
കൊച്ചി: വലിയ ആരവങ്ങളോ ആളുകളോ ബഹളങ്ങളോ ഇല്ലാതെ ഒറ്റയാൾ പട്ടാളമായി പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ പുന്നയം വാർഡിൽ നിന്നും തെരഞ്ഞെടുപ്പിനെ നേരിട്ട സി. നാരായണൻ നായർ നേടിയത് 9 വോട്ട്. 89-ാം വയസിലും വാർധ്യക്യത്തിന്റെ അവശതകൾ നോക്കാതെ തന്റെ പ്രിയപ്പെട്ട നാട്ടുകാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ച് പറഞ്ഞത്, പ്രായം നോക്കാതെ നിലപാട് നോക്കി വോട്ട് ചെയ്യണമെന്നാണ്. നാരായണൻ നായരുടെ കന്നി അങ്കമായിരുന്നു ഇത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച നാരായണൻ, വയസായവർ വീട്ടിൽ ഒതുങ്ങി കൂടേണ്ടവരല്ലെന്ന സന്ദേശം കൂടി പ്രചരിപ്പിക്കാനാണ് രംഗത്തിറങ്ങയത്. വാർഡിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടായിരുന്ന നാരായണന് തോൽവിയിൽ നിരാശയില്ല. വലിയ വാഗ്ദാനങ്ങൾ നൽകാതെ വിജയിച്ച് കേറിയാൽ വികസനം നടപ്പിലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ജില്ലാ ഹെൽത്ത് ഓഫീസറായി സർവീസിൽ നിന്നും വിരമിച്ച നാരായണൻ നായർ 89-ാം വയസ്സിൽ തന്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയപ്പോഴും ആളുകൾ അമ്പരന്നു. തന്റെ സ്കൂട്ടറിലെത്തിയാണ് നാരായണൻ വോട്ട് ചെയ്തതും. അതേ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇറങ്ങിയത്. കെറ്റിൽ ചിഹ്നത്തിലാണ് നാരായണൻ നായർ ജനവിധി തേടിയത്. പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാനായി പോസ്റ്ററുകളും ഫ്ലെക്സുകളും ഒഴിവാക്കിയാണ് പ്രചരണം നടത്തിയതും. വാർഡിൽ എൻഡിഎ ആണ് വിജയം നേടിയത്.


