വര്‍ഷങ്ങള്‍ തന്നെ പഴക്കമുണ്ടായിരുന്ന കല്ലുപാലം കൊല്ലം നഗരത്തിന്‍റെ മുഖ മുദ്ര ആയിരുന്നു. കര്യമായ ബലക്ഷയം ഇല്ലാതിരുന്ന കല്ലുപാലം ദേശിയ ജലപാത വികസനത്തിന്‍റെ പേരിലാണ് പൊളിച്ച് മാറ്റിയത്...

കൊല്ലം: കൊല്ലം (Kollam) നഗരത്തില്‍ ചാമക്കടയിലെ കൊല്ലംതോടിന് കുറുകെയുള്ള പാലം നിർമ്മാണം (Construction) വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം തോടിന്‍റെ നവികരണത്തിന്‍റെ പേരിലാണ് രാജഭരണകാലത്ത് നിര്‍മ്മിച്ച കല്ലുപാലം പൊളിച്ച് നീക്കിയത്.

വര്‍ഷങ്ങള്‍ തന്നെ പഴക്കമുണ്ടായിരുന്ന കല്ലുപാലം കൊല്ലം നഗരത്തിന്‍റെ മുഖ മുദ്ര ആയിരുന്നു. കര്യമായ ബലക്ഷയം ഇല്ലാതിരുന്ന കല്ലുപാലം ദേശിയ ജലപാത വികസനത്തിന്‍റെ പേരിലാണ് പൊളിച്ച് മാറ്റിയത്. രണ്ട് വര്‍ഷം മുന്‍പ് പകരം പാലത്തിനായി തറകല്ല് ഇട്ടുവെങ്കിലും നിര്‍മ്മാണം ഏങ്ങും എത്തിയില്ല. 

ഉള്‍നാടന്‍ ജലഗതാഗതവകുപ്പിനാണ് നിര്‍മ്മാണ ചുമതല. എന്നാല്‍ ജോലി ഏല്‍പ്പിച്ച കരാറുകാരന്‍റെ ഭാഗത്തെ വിഴ്ചയാണ് നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമെന്ന് പറയുന്നു. കൊല്ലം കമ്പോളത്തിലെ ചാമക്കട ലക്ഷ്മിനട പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം പൊളിച്ച് ഗതാഗതം മുടങ്ങിയതോടെ കച്ചവടക്കാരും പ്രതിസന്ധിയിലായി. പല കടകളും അടച്ചു പൂട്ടി. ഇതോടെയാണ് പ്രതിഷേധവുമായി വ്യാപാരികള്‍ എത്തിയത്.

അഞ്ച് കോടിരൂപക്കാണ് പാലനിര്‍മ്മാണത്തിന് കരാര്‍ നല്‍കിയത്. എന്നാല്‍ സിമന്‍റ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ വസ്തുക്കള്‍ക്ക് വിലകൂടിയ സാഹചര്യത്തില്‍ അടങ്കല്‍ തുക വര്‍ദ്ധിപ്പിക്കണമെന്നാണ് കരാറുകാരന്‍റെ ആവശ്യം. ഇത് അംഗികരിക്കാന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് തയ്യാറല്ല. അടങ്കല്‍ തുകയെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാണം നീണ്ട് പോകാനാണ് സാധ്യത. കാരാറുകാരന് പാലം നിര്‍മ്മാണത്തില്‍ മുന്‍പരിചയം ഇല്ലന്നും ആരോപണം ഉണ്ട്.