ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി 36,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധി. പെരിന്തല്‍മണ്ണ സ്വദേശിയായ കിഴക്കേതില്‍ ബാലചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

മലപ്പുറം: ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി 36,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധി. പെരിന്തല്‍മണ്ണ സ്വദേശിയായ കിഴക്കേതില്‍ ബാലചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന സി.കെ. ടോയ്‌സിന്റെ ഉടമയാണ് ബാലചന്ദ്രന്‍ നായര്‍. കേരള ഗ്രാമീണബാങ്കില്‍ നിന്നും 25 ലക്ഷം രൂപയുടെ വായ്പയെടുത്താണ് കട പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം 35 ലക്ഷം രൂപക്ക് ബാങ്ക് മുഖേന ഇന്‍ഷുര്‍ ചെയ്യുകയും എല്ലാ തവണയും മുടങ്ങാതെ ഇന്‍ഷുറന്‍സ് തുക അടക്കുകയും ചെയ്തിരുന്നു.

2021 ആഗസ്റ്റ് 16ന് രാത്രി കട അടച്ചു പോയ ശേഷം ഉണ്ടായ തീപിടുത്തത്തില്‍ സ്ഥാപനം പൂര്‍ണ്ണമായും കത്തിനശിച്ചു. വിവരം പൊലീസിലും ബാങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലും അറിയിച്ചു. ഇന്‍ഷുറന്‍സ് കമ്പനി ആനുകൂല്യം നല്‍കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. നഷ്ടം കാണിക്കാന്‍ രേഖകള്‍ ഹാജരാക്കാത്തതിനാലാണ് ഇന്‍ഷുറന്‍സ് നല്‍കാത്തതെന്നും ഇന്‍ഷുര്‍ ചെയ്ത കടയുടെ നമ്പറും അപകടത്തില്‍ പെട്ട സ്ഥലവും വ്യത്യസ്തമാണെന്നും കമ്പനി വാദിച്ചു. എന്നാല്‍ ഇന്‍ഷുര്‍ ചെയ്ത കട തന്നെയാണ് കത്തി നശിച്ചിട്ടുള്ളതെന്നും അപകടത്തില്‍ എല്ലാരേഖകളും കത്തി നശിച്ചതിനാല്‍ രേഖയില്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും കമ്മീഷന്‍ പറഞ്ഞു. 25 ലക്ഷം വായ്പ അനുവദിച്ച ബാങ്ക് സൂക്ഷിക്കുന്ന സ്റ്റോക്ക് രജിസ്റ്റര്‍ മതിയായ രേഖയായി കണക്കാക്കി ഇന്‍ഷുറന്‍സ് അനുവദിക്കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു.

സ്റ്റോക്ക് രജിസ്റ്ററില്‍ എല്ലാ മാസവും 35 ലക്ഷത്തിലധികം രൂപയുടെ സ്റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് തുക 35 ലക്ഷവും അനുവദിക്കണമെന്നാണ് കമ്മിഷന്‍ ഉത്തരവ്. 2021 ലെ സംഭവത്തിന് ശേഷം ഇന്‍ഷുറന്‍സ് അനുവദിക്കാതെ കാലതാമസം വരുത്തിയതിനാല്‍ ഒരുലക്ഷം രൂപ നഷ്ട പരിഹാരവും കോടതി ചെലവായി പതിനായിരം രൂപയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ ഉത്തരവിട്ടു.