Asianet News MalayalamAsianet News Malayalam

ലോറിയുടെ പിന്നിൽ കണ്ടൈനർ ഇടിച്ചുകയറി, ക്യാബിനിൽ ഡ്രൈവർ കുടുങ്ങിക്കിടന്നത് ഒന്നേകാല്‍ മണിക്കൂര്‍, ഒടുവിൽ രക്ഷ !

തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ലോറിയുടെ സ്റ്റിയറിങ്ങും സീറ്റും കട്ട് ചെയ്ത് എടുത്തതിനുശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്.

container lorry accident in thrissur vkv
Author
First Published Dec 10, 2023, 12:38 AM IST

തൃശൂര്‍: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് മേല്‍പ്പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മൂന്ന് ലോറികളാണ് ഇത്തവണ അപകടത്തില്‍ പെട്ടത്. തൃശൂരില്‍നിന്നും പാലക്കാട്ടേക്ക് പോകുന്ന ട്രാക്കിലാണ് അപകടം ഉണ്ടായത്.
എറണാകുളത്തുനിന്നും സ്‌ക്രാപ്പ് കയറ്റി പാലക്കാട് പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെയും ഇതേ ദിശയിലേക്ക് പോകുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയുടെയും പുറകിലാണ് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ക്യാബിനില്‍ ഏകദേശം ഒന്നെക്കാല്‍ മണിക്കൂറോളം കുടുങ്ങിക്കിടന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറെ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ലോറിയുടെ സ്റ്റിയറിങ്ങും സീറ്റും കട്ട് ചെയ്ത് എടുത്തതിനുശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവര്‍ക്ക് കാലിനു മാത്രമാണ് പരുക്ക് പറ്റിയത്. ഇയാളെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലിനാണ് അപകടം ഉണ്ടായത്. മുമ്പിലെ രണ്ട് ലോറികളിലെ ഡ്രൈവര്‍മാര്‍ തമ്മില്‍ റോഡില്‍ നിര്‍ത്തിയിട്ട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് അപകടത്തിന് വഴിവച്ചത്. കണ്ടെയ്‌നര്‍ ലോറി ഇടിച്ച സ്‌ക്രാപ്പ് കയറ്റിയ ചരക്ക് ലോറി ദേശീയപാതയുടെ സംരക്ഷണഭിത്തിയില്‍ ഇടിച്ചു നിന്നതിനാല്‍ സര്‍വീസ് റൂട്ടിലേക്ക് മറയാതെ രക്ഷപ്പെട്ടു.

എന്നാല്‍ സംരക്ഷണ ഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പിന്റെ സൈന്‍ ബോര്‍ഡ് ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു. ഇതേതുടര്‍ന്ന് തലനാരിഴയ്ക്കാണ് കാല്‍നടയാത്രക്കാരായ മൂന്ന് യുവാക്കള്‍ രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പീച്ചി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പട്ടിക്കാട് -പീച്ചി റോഡ് അടിപ്പാതയ്ക്ക് മുകളില്‍ മൂന്നാമത്തെ അപകടമാണിത്.

Read More : '2 മാസം മുമ്പ് ഹോസ്റ്റൽ വിട്ടു, വാടക വീട്ടിലേക്ക് മാറി, റെക്കോർഡ് ബുക്കെടുക്കാൻ പോയ അഥിതി തിരികെ വന്നില്ല'

Latest Videos
Follow Us:
Download App:
  • android
  • ios