ലോറിയുടെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നിരുന്നു. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്...

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗ്രാമത്ത് ടൈൽസ് കയറ്റിവന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക്‌ ഇടിച്ചുകയറി. അപകടസമയം വീട്ടിലുണ്ടായിരുന്ന നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൊച്ചിയിൽനിന്ന്‌ ടൈൽസുമായി പരശുവയ്ക്കലിലെ കടയിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറായ കൊച്ചി സ്വദേശി ബാബു(23)വിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് പൊട്ടലേൽക്കുകയും സ്റ്റിയറിങ് നെഞ്ചിലിടിച്ച് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ലോറിയുടെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. ഇതിനകത്ത് കുടുങ്ങിപ്പോയ ബാബുവിനെ നെയ്യാറ്റിൻകര അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പദ്മകുമാറിന്റെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ വെട്ടിപ്പൊളിച്ചു. ബാബുവിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു.

നായ കുറുകെച്ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു 

നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ത്ഥി പടിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്‍റെ ഗേറ്റിന് ഇടിച്ചു മറിയുകയായിരുന്നു. ഡെക്കറേഷന്‍ ജോലി ചെയ്യുന്ന തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. 

Read More : മലപ്പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു, 65 പേ‍ർക്ക് പരിക്ക്, വൻ ദുരന്തമൊഴിവാക്കിയത് നാട്ടുകാരുടെ പരിശ്രമം