വര്‍ക്കല: വർക്കല ഗവണ്‍മെന്‍റ്  മോഡൽ ഹയർ സെക്കന്‍ററി സ്കൂളിൽ പൊലീസ് കടന്നു കയറി വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടയിൽ ഒരു സംഘം വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു.  ഇതേത്തുടർന്ന് സ്കൂളിലെത്തിയ പൊലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. എന്നാൽ, വിദ്യാർത്ഥികൾ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചതാണ് ലാത്തി വീശാൻ കാരണമെന്നാണ് പൊലീസിന്‍റെ വിശദീകരണം.

ഇന്ന് രാവിലെയാണ് സംഭവം. യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ ഒരു സംഘം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തെന്നാണ് പറയുന്നത്. . വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തി ലാത്തിച്ചാര്‍ജ് നടത്തിയത്. അതേസമയം  പ്രിന്‍സിപ്പാള്‍ പൊലീസിനെ വിളിച്ചറിച്ചിട്ടാണ് സ്കൂളില്‍ വന്നതെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കാനാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുധീഷിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. സുധീഷ് ഇപ്പോള്‍ വര്‍ക്കല ശിവഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 

സംഭവത്തെത്തുടര്‍ന്ന് പൊലീസിനും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പൊലീസിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണെന്നാണ് വിവരം.