തൃശ്ശൂർ: നിർമ്മാണ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി കിട്ടിയതോടെ തൃശ്ശൂർ വാടാനപ്പള്ളി റോഡിന്റെ പണി വീണ്ടും തുടങ്ങി. 22 കോടി രൂപ ചിലവിട്ടാണ് ആദ്യ ഘട്ടത്തിന്റെ നിർമ്മാണം നടക്കുന്നത്. ജില്ലയിൽ തീരദേശമേഖലയിലേക്കുള്ള പ്രധാന റോഡാണ് ഇത്.

റോഡിന്റെ ശോച്യാവസ്ഥ മൂലം നടന്ന അപകടങ്ങളിലായി 27 ജീവനുകളാണ് ഇത് വരെ പൊലിഞ്ഞത്. സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാവാത്തതിനാൽ പല തവണ റോഡ് നിർമ്മാണം മുടങ്ങിയിരുന്നു. ലോക്ഡൗണും തിരിച്ചടിയായി. ഇത്തവണ മഴ ശക്തമാവുന്നതിന് മുൻപ് ആവുന്നത്ര പണി പൂർത്തീകരിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

2016 ലാണ് റോഡ് നിർമ്മാണത്തിന് അംഗീകാരം ലഭിച്ചത്. 22 മീറ്ററിൽ റോ‍ഡ് വികസിപ്പിക്കാൻ പദ്ധതിയിട്ടെങ്കിലും സ്ഥലമെടുപ്പ് നടന്നില്ല. ഇപ്പോൾ 13 മുതൽ 16 മീറ്റർ വരെയാണ് റോഡ് വികസിപ്പിക്കുന്നത്. ഇത് മതിയാകില്ലെന്നും രണ്ടാം ഘട്ടത്തിന്റെ കാര്യത്തിലും ഉടൻ തീരുമാനം വേണമെന്നും നാട്ടുകാർ പറയുന്നു. കൊവിഡ് 19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പദ്ധതിയെ ബാധിക്കുമോ എന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.