കോഴിക്കോട്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പുതുതായി വന്ന ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേർ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതില്‍ ഒരാൾ ബീച്ച് ആശുപ്രതിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്.

28 ദിവസം നീണ്ട നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 189 പേരെ കൂടി ഹൗസ് ക്വാറന്‍ന്റെനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 405 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനയ്ക്ക് അയച്ച 32 സാംപിളുകളിൽ മുപ്പത്തിയൊന്നിന്റേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ രണ്ട് പേര്‍ക്ക് കൗണ്‍സിലിങ് നടത്തി. ബോധവത്ക്കരണ ക്ലാസുകള്‍ തുടര്‍ന്ന് വരുന്നുണ്ട്.

Read More: കൊറോണ; ഇറാനില്‍ രണ്ട് മരണം, ചൈനയിലെ അവസ്ഥ ഗുരുതരം

അതേസമയം, ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. നിലവില്‍ ലോകത്താകമാനം 75291 പേര്‍ക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ ഇന്നലെ രണ്ട് പേര് മരിച്ചതോടെ പശ്ചിമേഷ്യയും കൊറോണ ഭീതിയിലാണ്. ദക്ഷിണ കൊറിയയില്‍ പത്തുപേര്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടകം ദക്ഷിണ കൊറിയയില്‍ 31പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതുകൂടാതെ, കൊറോണ വൈറസ് പടരുന്നത് മൂലം ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട്. ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്.

Read More: ഡയമണ്ട് പ്രിൻസസ് കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായതായി സ്ഥിരീകരണം

യാത്രക്കാരും  ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്. രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ച തൃശൂരിലെ പെൺകുട്ടിയുടെ സാമ്പിൾ പരിശോധനാ ഫലം തുടർച്ചയായി രണ്ടാം തവണയും നെഗറ്റീവായത് കേരളത്തിന് ആശ്വാസമായി. പൂനെയിലാണ് സാമ്പിൾ പരിശോധന നടത്തിയത്.

ഇതോടെ മെഡിക്കൽ ബോർഡ് ചേർന്ന് പെൺകുട്ടിയുടെ  ഡിസ്ചാർജ് തീയതി ഉടന്‍ തീരുമാനിക്കും. ചൈനയിൽ നിന്ന് രോഗലക്ഷണവുമായി എത്തിയ പെൺകുട്ടിയെ കഴിഞ്ഞ മാസം 26നാണ് ആശുത്രിയിൽ പ്രവേശിപ്പിച്ചത്. ആ മാസം 30 ന് രോഗം സ്ഥിരീകരിച്ചതു മുതൽ പെൺകുട്ടി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലാണ് കഴിയുന്നത്.