പെരിന്തൽമണ്ണ: കൊവിഡ് ഭീതിയില്‍ സംസ്ഥാനം നെട്ടോട്ടമോടുമ്പോള്‍ അവസരം മുതലെടുത്ത് അവശ്യ സാധനങ്ങള്‍ക്ക് കൊള്ളവില ഈടാക്കാന്‍ ചില കച്ചവടക്കാരുടെ ശ്രമം. പെരിന്തൽമണ്ണ മാർക്കറ്റിൽ തിങ്കളാഴ്ച കാലത്ത് മുതൽ പച്ചക്കറി, പലചരക്ക് വസ്തുക്കൾക്കും മറ്റും കച്ചവടക്കാർ അമിത വില ഈടാക്കിയതിൽ   നഗരസഭ അടിയന്തര നടപടികൾ സ്വീകരിച്ചു.

ഒരു കിലോ പച്ചമുളക് കഴിഞ്ഞ ശനിയാഴ്ച വരെ  40 രൂപക്കാണ് വിറ്റിരുന്നത്. എന്നാല്‍ തിങ്കളാഴ്ചയായപ്പോഴെക്കും അത് 130 രൂപക്കാണ് വിൽക്കുന്നത്. പയർ 40 രൂപയായിരുന്നത് 80 രൂപയാക്കി. ഇത്തരത്തിൽ എല്ലാ സാധനങ്ങൾക്കും ഇഷ്ടാനുസരണം വിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നഗരസഭാ ഹെൽത്ത് വിഭാഗം നടപടികളാരംഭിച്ചത്. 

മാർക്കറ്റിൽ വിലനിലവാരം പ്രദർശിപ്പിക്കുവാനും അമിത വില ഈടാക്കിയാൽ നിയമനടപടി സ്വീകരിക്കുമെന്നറിയിച്ചും നഗരസഭ ഹെൽത്ത് വിഭാഗം മാർക്കറ്റിൽ അനൗൺസ്‌മെൻറ് നടത്തി. രാജ്യം ഒരു പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ സാധനങ്ങൾ മിതമായ നിരക്കിൽ മൊത്തവ്യാപാരികളിൽ നിന്നും ലഭിക്കുമെന്നിരിക്കെ ചില്ലറ വിൽപനക്ക് അമിതമായ വില ഈടാക്കിയ സംഭവം ധാർമ്മികമായും നിയമപരമായും തെറ്റാണെന്ന് നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലിം പറഞ്ഞു.

ഒരു പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കുന്നതിന് പകരം ചൂഷണം ചെയ്യുന്ന ഇത്തരം രീതികൾ ശക്തമായി നേരിടും. ഇത്തരം നടപടികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ഷോപ്പിംഗ് ലൈസൻസ് റദ്ധാക്കുകയും, മറ്റു നടപടികൾ കർശനമായി സ്വീകരിക്കുകയും ചെയ്യുമെന്ന് ചെയർമാൻ മുഹമ്മദ് സലീം അറിയിച്ചു.