ഫോർട്ട്കൊച്ചിയിലെ ‘ഹൗസ് ഓഫ് യേശുദാസ്’ റെസ്റ്റോറന്റിനൊപ്പം താമസ സൗകര്യമുള്ള മുറികളോടുകൂടി പുതുക്കിപ്പണിത ഹോട്ടലായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

കൊച്ചി:പ്രശസ്ത ഗായകൻ കെ.ജെ യേശുദാസ് ജനിച്ച് വളർന്ന ഫോർട്ട്കൊച്ചിയിലെ വീട് ഏറ്റെടുത്ത് മ്യൂസിയമാക്കും എന്ന കൊച്ചി നഗരസഭയുടെ പ്രഖ്യാപനത്തെ കുറിച്ച് തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ സി.എ നാസർ. വീട് താനാണ് പുതുക്കി പണിതതെന്നും ‘ഹൗസ് ഓഫ് യേശുദാസ്’ എന്ന പേരിൽ ഇവിടെ ഹോട്ടൽ പ്രവർത്തിക്കുകയാണെന്നും നാസർ വ്യക്തമാക്കി. എല്ലാ വർഷവും യേശുദാസിന്റെ ജന്മദിനം ഈ വീട്ടിൽ ആഘോഷിക്കുന്നതും താനാണെന്നും സി.എ നാസർ പറഞ്ഞു. യേശുദാസിന്റെ കുടുംബാംഗങ്ങൾ കൊച്ചിയിലെത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ടെന്നും, വീട്ടുമുറ്റത്ത് യേശുദാസിന്റെ അമ്മ നട്ട മാവിന്റെ ചുവട്ടിൽ അവർ വെള്ളമൊഴിക്കാറുണ്ടെന്നും നാസർ കൂട്ടിച്ചേർത്തു.

ഈ വീട് താൻ മറ്റൊരാളിൽ നിന്നാണ് വാങ്ങിയതെന്നും നിലവിൽ കെട്ടിടം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആരും തനിക്കൊപ്പം ചർച്ച നടത്തിയിട്ടില്ലെന്നും നാസർ പറഞ്ഞു. ഏകദേശം 25 വർഷം മുൻപാണ് കെട്ടിടം സ്വന്തമാക്കിയതെന്നും സി.എ നാസർ വിശദമാക്കി. ഫോർട്ട്കൊച്ചിയിലെ ‘ഹൗസ് ഓഫ് യേശുദാസ്’ റെസ്റ്റോറന്റിനൊപ്പം താമസ സൗകര്യമുള്ള മുറികളോടുകൂടി പുതുക്കിപ്പണിത ഹോട്ടലായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. യേശുദാസിന്റെ അമ്മ നട്ടുവളർത്തിയ മാവ് കെട്ടിടത്തിനുള്ളിൽ സംരക്ഷിച്ച് കൊണ്ടാണ് നിർമാണങ്ങൾ നടത്തിയതും.

ഈ കെട്ടിടം വാങ്ങി നാഷണൽ കൾച്ചറൽ ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ യേശുദാസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള മ്യൂസിയമാക്കുമെന്നാണ് കൊച്ചി നഗരസഭ പ്രഖ്യാപിച്ചത്. ഇതിനായി ആറുകോടി രൂപ ബജറ്റിൽ നീക്കിവെച്ചതായും അറിയിച്ചിട്ടുണ്ട്. അതേസമയം ഭാവിയിൽ ഈ കെട്ടിടം മ്യൂസിയമാക്കാനുള്ള പദ്ധതി തനിക്കുണ്ടെന്നും അത് താൻ തന്നെ നടപ്പാക്കാമെന്നുമാണ് നാസർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം