താമരശ്ശേരി പരപ്പൻപൊയിലിൽ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്സൈസ് പിടികൂടി.

കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലിൽ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്സൈസ് പിടികൂടി. കതിരോട് തെക്കെപുറായിൽ സജീഷ് കുമാറിന്റെ വീടിന്റെ പിൻവശത്തുള്ള ഷെഡിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻകെ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

ചാരായം വാറ്റി കുപ്പിയിലേക്ക് പകർന്നുകൊണ്ടിരിക്കെ ആയിരുന്നു ആണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. 130 ലിറ്റർ വാഷ് നശിപ്പിച്ച എക്സൈസ് 13 ലിറ്റർ ചാരായം, ഗ്യാസ് കുറ്റി, ഗ്യാസ് അടുപ്പ് തൂങ്ങിയ വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫീസർ രൺജിത്ത്, സിഇഒ മാരായ വിവേക്,അഭിജിത്ത്,ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.

Read more:  പണത്തെ ചൊല്ലി വഴക്ക്, ബാറിൽ വച്ച് കണ്ടപ്പോൾ മൂത്തു; അടിപിടി, ബിയർ കുപ്പികൊണ്ട് തലക്കടി, മൂന്നുപേർ പിടിയിൽ 

അതേസമയം, കോട്ടയം പയ്യപ്പാടിയിൽ സ്വന്തം വീടിന്‍റെ അടുക്കളയിൽ ലിറ്ററു കണക്കിന് ചാരായം വാറ്റി വിറ്റിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. സാമ്പ്രാണിത്തിരി കൂട്ടിയിട്ട് കത്തിച്ചാണ് വീട്ടിൽ ചാരായം വാറ്റുന്ന കാര്യം വീട്ടുകാരൻ നാട്ടുകാരിൽ നിന്ന് മറച്ചു വെച്ചിരുന്നത്. 300 ലിറ്റർ കോടയാണ് എക്സൈസ് വാറ്റുകാരന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. പയ്യപ്പാടി വെണ്ണിമല മൂലകുന്നേൽ ജോർജ് റപ്പേൽ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു വർഷമായി ജോർജ് സ്വന്തം വീടിന്‍റെ അടുക്കളയിൽ ചാരായം വാറ്റി വിൽക്കുകയായിരുന്നു എന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പത്ത് ലിറ്ററിന്‍റെ രണ്ട് പ്രഷര്‍കുക്കറുകള്‍ ഉപയോഗിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ആയുര്‍വേദ മരുന്നുകള്‍ ഒക്കെ ചേര്‍ത്ത് വ്യത്യസ്തമായ രീതിയിലാണ് ജോര്‍ജ് ആവശ്യക്കാര്‍ക്കായി ചാരായം വാറ്റിയിരുന്നതെന്നും എക്സൈസ് പറ‍ഞ്ഞു.