കട്ടിലിന്‍റെ കാലിൽ 35000, അടുക്കളയിൽ 32500! യുവതിക്ക് പണികിട്ടി; മോഷ്ടിച്ച ദമ്പതികൾ 12 വർഷത്തിന് ശേഷം പിടിയിൽ

ജോലി വേഗം ലഭിക്കാനായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും, 35000 രൂപ കട്ടിലിന്‍റെ കാലില് കെട്ടി വയ്ക്കണമെന്നും 15,000 രൂപ വില വരുന്ന സ്വർണ താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും ഇവർ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

couple arrested after 12 years for  stealing money and gold from alappuzha native woman

ആലപ്പുഴ: കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്നും പണവും സ്വർഭരണങ്ങളും മോഷ്ടിച്ച കേസിൽ ഒളിവിൽ പോയ  ദമ്പതികൾ 12 വർഷത്തിനു ശേഷം പിടിയിൽ. കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കരോട്ടു പറമ്പില് സജി എന്നു വിളിക്കുന്ന സതീശന് (48), ഇയാളുടെ ഭാര്യ  അയ്യൻ പറമ്പിൽ വീട്ടിൽ പ്രസീത( 44)  എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. തൃപ്പൂണിതുറയിൽ നിന്നുമാണ് ഇരുവരെയും  അറസ്റ്റ് ചെയ്തത്. കളവംകോടം സ്വദേശിയായ യുവതിക്ക് പെട്ടെന്ന് ജോലി കിട്ടുന്നതിനായി മന്ത്രവാദം നടത്താമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.

ജോലി വേഗം ലഭിക്കാനായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും, 35000 രൂപ കട്ടിലിന്‍റെ കാലില് കെട്ടി വയ്ക്കണമെന്നും 15,000 രൂപ വില വരുന്ന സ്വർണ താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും ഇവർ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് പ്രതികൾ കൊണ്ടുവന്ന ചുവന്ന പട്ടുതുണികളിൽ പൊതിഞ്ഞ് യുവതി പണവും സ്വർണാഭരണങ്ങളും വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു.  രണ്ടുതവണകളായി യുവതിയുടെ വീട്ടിലെത്തിയ പ്രതികൾ ആറ് ദിവസത്തോളം ഇവിടെ താമസിച്ചു. ഇതിനിടെ യുവതി അറിയാതെ  തന്ത്രപൂർവ്വം സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു.

തട്ടിപ്പ് മനസിലാക്കിയ യുവതി പിന്നീട് ചേർത്തല പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസിൽ ഒന്നാം പ്രതിയായ സതീശനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല് ഇയാളുടെ ഭാര്യ ഒളിവിൽ പോയി. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയെങ്കിലും പ്രതികൾ കോടതിയില് ഹാജരാവാത്തതിനെത്തുടർന്ന് കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വിചാരണ നടപടികൾ തടസപ്പെട്ടതോടെ  പ്രതികളെ കണ്ടെത്തുന്നതിനായി ചേർത്തല അസിസ്റ്റന്‍റ്  പോലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസിന്‍റെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചേർത്തല  എസ്.എച്ച്.ഓ അരുണ്.ജി, എസ്.ഐ സുരേഷ്.എസ്, എ.എസ്.ഐ, ബിജു.കെ.തോമസ്, സീനിയര് സി.പി.ഓമാരായ ജോര്ജ് ജോസഫ്, ഉല്ലാസ്, സി.പി.ഓ പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ  അറസ്റ്റ് ചെയ്തത്.

Read More : വടകര മീൻമാർക്കറ്റിൽ നിർത്തിയിട്ട സ്കൂട്ടർ, സീറ്റിനടിയിൽ ഒളിപ്പിച്ച സാധനം പൊക്കി; യുവാവ് എംഡിഎംഎയുമായി പിടിയിൽ
      

Latest Videos
Follow Us:
Download App:
  • android
  • ios