സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പെൺകുട്ടി ഇവരെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബ വഴക്ക് ദമ്പതികൾ മുതലെടുക്കുകയായിരുന്നു. 

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട് വിട്ടിറങ്ങാന്‍ പ്രേരിപ്പിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയ കേസില്‍ ദമ്പതികൾ അറസ്റ്റിൽ. പള്ളുരുത്തി ചാനിപ്പറമ്പിൽ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കൽ നികത്തിൽ വീട്ടിൽ കൃഷ്ണ (20) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പെൺകുട്ടി ഇവരെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബ വഴക്ക് ദമ്പതികൾ മുതലെടുക്കുകയായിരുന്നു. ഇത് ഇവരോട് പറഞ്ഞതിനെത്തുടർന്ന് ഊട്ടിയിലേക്ക് പോകാമെന്ന് വാഗ്ദാനം ചെയ്യുകയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള പണം കണ്ടെത്തുന്നതിനെന്ന് പറഞ്ഞ് സ്വർണ്ണമാലയും മൊബൈൽ ഫോണും വാങ്ങുകയുമായിരുന്നു. 

പെണ്‍കുട്ടിയില്‍ നിന്ന് വാങ്ങിയ മാല ഉരുക്കിയ നിലയിൽ പറവൂരിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അറസ്റ്റിലായ അക്ഷയ് അപ്പു നിരവധി കേസിലെ പ്രതിയാണ്. ഇൻസ്പെക്ടർ ഏ.എൽ.യേശുദാസ്, എസ് ഐ മാരായ വന്ദന കൃഷ്ണ, അഖിൽ വിജയകുമാർ, എ എസ് ഐമാരായ ടി.എ.ഷാഹിർ, പ്രിൻസി സി.പി.ഒ എം.പി.സുബി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും റിമാൻഡ് ചെയ്തു.

Read also:  'ഇങ്ങനെ ഒരുപാട് ഉമ്മമാരും അമ്മമാരും നമ്മുടെ ചുറ്റിലുമുണ്ട്'; ഇത് വായിച്ചില്ലെങ്കില്‍ നഷ്ടം!