വാഹനം മറിഞ്ഞ ശേഷം ഇവര്‍ തന്നെ വാഹനത്തിന് പുറത്തിറങ്ങി റോഡിലെത്തുകയും ഇതുവഴി വന്ന മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തുകയുമായിരുന്നു. 

മൂന്നാർ: മൂന്നാർ ഉദുമൽപ്പെട്ട് അന്തർ സംസ്ഥാനപാതയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്ക്. ഇടമലക്കുടിയിൽ പോയി തിരികെ മടങ്ങിയ മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. പെരിയവാരയ്ക്കും കനിമലയയ്ക്കും ഇടയിൽ വച്ച് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പെരിയവാരയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.

 മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ രാമചന്ദ്രന്‍, ഭാര്യ ജ്യോതി എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തില്‍ രാമചന്ദ്രന് കൈയ്ക്കും കാലിനും തലയിലും പരിക്കേറ്റു. വാഹനം മറിഞ്ഞ ശേഷം ഇവര്‍ തന്നെ വാഹനത്തിന് പുറത്തിറങ്ങി റോഡിലെത്തുകയും ഇതുവഴി വന്ന മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തുകയുമായിരുന്നു. 

ഇടമലക്കുടി സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് ഇവർ തിരികെ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നതറിഞ്ഞ് മൂന്നാർ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More : പെണ്‍കുട്ടിയെ ഓട്ടോയിൽ കയറ്റി ഒളിസങ്കേതത്തിലെത്തിച്ച് പീഡനം; പോക്സോ കേസ്, 40 കാരന് 15 വര്‍ഷം തടവ്

അതേസമയം മറ്റൊരു അപകടത്തിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ​ഗുരുതര പരിക്കേറ്റു. പത്തനംതിട്ട നഗരത്തിലാണ് സംഭവം. കടയ്ക്കൽ സ്വദേശി മനോജിനാണ് നഗരത്തിസെ കുഴിയിൽ ബൈക്ക് വീണ് പരിക്കേറ്റത്. മനോജിന്റെ മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു. ഇയാളെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ കുഴികൾ അടയ്ക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കുഴിയടയ്ക്കാൻ വാട്ടർ അതോറിറ്റി കരാറുകാരന് നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ന​ഗരത്തിലാകെ കുഴിച്ചിട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആറ് മാസം കൊണ്ട് അവസാനിക്കേണ്ട ജോലി നീണ്ടുപോകുകയാണ്.