കൂത്തുപറമ്പ്: കൊവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ ആളുകള്‍ക്ക് വിനോദം പകരാന്‍ പൊലീസ് സേനയും. ആളുകള്‍ പുറത്തിറങ്ങി നടക്കാതിരിക്കാനും വീട്ടിലിരിക്കുന്നത് പ്രോത്സാപ്പിക്കാനുമായാണ് കൂത്തുപറമ്പ് ജനമൈത്രി പൊലീസിന്റെ ശ്രമം. ഇതിനായി സേവ് ഊര്‍പ്പിള്ളി എന്ന പേരിലാണ് പൊലീസ് പരിപാടി സംഘടിപ്പിക്കുന്നത്. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണ് കൂത്തുപറമ്പ് പൊലീസ്. കുട്ടികള്‍ക്കായി കഥാരചന, കവിതാരചന, അനുഭവക്കുറിപ്പ് എഴുതല്‍, മുതിര്‍ന്നവര്‍ക്കായി വീട്ടുപറമ്പില്‍ കൃഷി എന്നിവയാണ് മത്സരയിനങ്ങള്‍. 
ഇന്നലെയാണ് മത്സരം ആരംഭിച്ചത്. ഏപ്രില്‍ 14 വരെ മത്സരങ്ങളില്‍ പങ്കെടുക്കാം. ലോക്ക് ഡൗണ്‍ കഴിയുന്ന ഏപ്രില്‍ പതിനാലിന് ശേഷം വിജയികളെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കും. 

കൊവിഡ് എന്താണെന്നോ ലോക്ക് ഡൗണ്‍ എന്തിനാണെന്നോ വേണ്ട ധാരണയില്ലാത്തതിനെ തുടര്‍ന്ന്‌ ആളുകള്‍ ധാരാളമായി പുറത്തിറങ്ങുന്നുണ്ട്. ഇത് ഒഴിവാക്കാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും 21 ദിവസം വീടുകളില്‍ ഇരിക്കുന്നതില്‍ അലസത അനുഭവപ്പെടാതിരിക്കാനുമാണ് ഇങ്ങനെയൊരു പരിപാടി തുടങ്ങിയതെന്ന് സിഐ ആസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

കൂത്ത് പറമ്പ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ നേരത്തെ കുട്ടികൾക്ക് വേണ്ടി നടത്തിയ പരിപാടി.‌ഫയൽ ഫോട്ടോ

ആളുകള്‍ പരിപാടിയോട് സഹകരിക്കുന്നുണ്ടെന്നും സിഐ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തീയതികളില്‍, സൃഷ്ടികള്‍ വിലാസമെഴുതി പൊലീസ് സ്റ്റേഷനിലോ, സേവ് ഊര്‍പ്പിള്ളി പരിപാടിയുടെ ഭാരവാഹികളുടെ പക്കലോ ഏല്‍പ്പിക്കാം. അതേസമയം നേരത്തേ കൂത്തുപറമ്പ് ഭാഗത്ത് ആളുകള്‍ പുറത്തിറങ്ങിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയെന്നും സിഐ ആസാദ് പറഞ്ഞു.