മലപ്പുറം: ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 13 ന് രോഗബാധ സ്ഥിരീകരിച്ച തിരുനാവായയിലെ 108 ആംബുലന്‍സിലെ നഴ്‌സിന്റെ ഭര്‍ത്താവ് തിരുനാവായ വൈരങ്കോട് സ്വദേശി 40 വയസുകാരന്‍, ജൂണ്‍ 12 ന് രോഗബാധ സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് ജീവനക്കാരനുമായി അടുത്ത് ഇടപഴകിയ മലപ്പുറം മൂന്നാംപടി സ്വദേശി 41 വയസുകാരന്‍, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 45 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ചെന്നൈയില്‍ നിന്ന് ജൂണ്‍ 18 ന് ഒരുമിച്ചെത്തിയ തെന്നല ആലുങ്ങല്‍ സ്വദേശി 21 വയസുകാരന്‍, തെന്നല വെന്നിയൂര്‍ സ്വദേശി 32 വയസുകാരന്‍, ഡല്‍ഹിയില്‍ നിന്ന് ബംഗളൂരു - കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് തിരിച്ചെത്തിയ മങ്കട പള്ളിപ്പുറം സ്വദേശി 27 വയസുകാരന്‍, ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരുമമുണ്ട പെരുമ്പത്തൂര്‍ സ്വദേശി 30 വയസുകാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 25 വയസുകാരന്‍, ജൂണ്‍ 10 ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ എടക്കര ബാര്‍ബര്‍മുക്ക് സ്വദേശി 47 വയസുകാരന്‍, ജൂണ്‍ 13 ന് മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ പെരുമ്പടപ്പ് അയിരൂര്‍ സ്വദേശി 43 വയസുകാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശി 53 വയസുകാരന്‍ എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.