Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് ഏഴ് മാസം പ്രായമായ കുഞ്ഞിനും കൊവിഡ്; ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസം

ഇവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.

covid positive a seven-month-old baby in Malappuram
Author
Malappuram, First Published Jun 2, 2020, 6:29 PM IST

മലപ്പുറം: ജില്ലയിൽ എറ്റവും കൂടുതൽ പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്ന്. 15 പേർക്കാണ് ചൊവ്വാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്. കുവൈത്തിൽ നിന്ന് കണ്ണൂർ വഴി മെയ് 20 ന് മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തിയ പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശിനിയായ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞും ഇക്കൂട്ടത്തിൽ പെടുന്നു. 

മെയ് 23 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിയ കാലടി നരിപ്പറമ്പ് സ്വദേശിയായ 46 കാരൻ, അബുദബിയിൽ നിന്ന് കൊച്ചി വഴി മെയ് 19 ന് വീട്ടിലെത്തിയ വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി ഗർഭിണിയായ 26 കാരി, മെയ് 20 ന് റിയാദിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി 36 കാരൻ, മെയ് 19 ന് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുളള പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് വന്ന പുളിക്കൽ ഒളവട്ടൂർ സ്വദേശി 54 കാരൻ, മെയ് 27 ന് ദുബായിൽ നിന്ന് കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ തലക്കാട് പുല്ലൂർ സ്വദേശി 68 കാരൻ, അഹമ്മദാബാദിൽ നിന്ന് സ്വകാര്യ വാഹനത്തിൽ മെയ് 14 ന് എത്തിയ കുറ്റിപ്പുറം നടുവട്ടം കൊളത്തോൾ സ്വദേശി 43 കാരൻ, ദില്ലിയിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ മെയ് 22 ന് കോഴിക്കോട് വഴി വീട്ടിലെത്തിയ പുളിക്കൽ വലിയപറമ്പ് സ്വദേശി 30 വയസുകാരൻ, ചെന്നൈയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ മെയ് 24 ന് തിരിച്ചെത്തിയ വെട്ടം പറവണ്ണ സ്വദേശി 64 കാരൻ, മുംബൈയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ മെയ് 18 ന് വീട്ടിലെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശിനി 38 വയസുകാരി, മുംബൈ അന്ധേരിയിൽ നിന്ന് സ്വകാര്യ ബസിൽ മെയ് 21 ന് വീട്ടിലെത്തിയ തിരൂരങ്ങാടി പണ്ടാരങ്ങാടി വടക്കേ മമ്പുറം സ്വദേശി 43 കാരൻ, ഗൂഡല്ലൂരിൽ നിന്ന് കാൽനടയായി മെയ് 25 ന് മഞ്ചേരിയിലെത്തിയ ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശി 40 കാരൻ, മൂത്തേടം നമ്പൂരിപ്പൊട്ടി നെല്ലിക്കുത്ത് സ്വദേശി 70 വയസുകാരൻ, ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി 35 കാരൻ, മഞ്ചേരി ചെരണിയിൽ താമസിക്കുന്ന അസം സ്വദേശി 22 കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. 

ഇവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.

Follow Us:
Download App:
  • android
  • ios