ഇടുക്കി: കൊവിഡിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണകാലവധി തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുന്നു. ദീപാവലിയോട് അനുബന്ധിച്ച് തമിഴ്നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ മൂന്നാറില്‍ മടങ്ങിയെത്തുമ്പോള്‍ ഏഴുദിവസം നിരീക്ഷണത്തില്‍ കഴിയണമെങ്കില്‍ സ്വകാര്യ റിസോര്‍ട്ടുകളെ സമീപിക്കണം. 

വിനോദസഞ്ചാര മേഖല തുറന്നതോടെ റിസോര്‍ട്ടുകളിലെ വാടക പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഹൈറേഞ്ച് മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ കൊവിഡിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചാണ് പോകുന്നത്. 144 ഒരുമാസത്തോളം നീണ്ടുനിന്നപ്പോള്‍ സാഹചര്യത്തോട് ജനങ്ങള്‍ സഹകരിച്ചു. എന്നാല്‍ ഇപ്പോള്‍ നിയന്ത്രങ്ങളുടെ പേരില്‍ തൊഴിലാളികള്‍ കഷ്ടപ്പെടുകയാണ്.

വിനോദസഞ്ചാരികള്‍ക്ക് ഏഴുദിവസം സന്ദര്‍ശനം നടത്താന്‍ മൂന്നാറും പരിസരവും തുറന്നുനല്‍കിയപ്പോള്‍ തമിഴ്നാട്ടില്‍ ബന്ധുക്കളെ കാണുവാന്‍ പോയി മടങ്ങിവരുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തുന്നത് തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുകയാണ്.  സന്ദര്‍ശകര്‍ക്ക് ഒരു ന്യായവും തൊഴിലാളികള്‍ക്ക് മറ്റൊരു ന്യായവുമാണ് മൂന്നാറില്‍ നടപ്പിലാക്കുന്നതെന്ന് മുന്‍ എം എല്‍ എ എ കെ മണി പ്രതികരിച്ചു. 

മൂന്നാറിലെ തോട്ടംമേഖലയിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാടിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മാത്രമല്ല ഇവരുടെ ബന്ധുക്കളും മക്കളും തമിഴ്നാട്ടിലാണുള്ളത്. എട്ടുമാസക്കാലമായി അവരെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ ദീപാവലിയോട് അനുബന്ധിച്ച് തമിഴ്നാട് പോയി മടങ്ങിയെത്തുമ്പോള്‍ നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തുക അപ്രായോഗികമാണ്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റം വന്നില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് എസ്റ്റേറ്റുകളില്‍ കയറാന്‍ പോലും കഴിയാത്ത സാഹചര്യം ഉടലെടുക്കുമെന്നും  കെ മണി പറഞ്ഞു.