Asianet News MalayalamAsianet News Malayalam

പേവിഷബാധയുടെ ലക്ഷണങ്ങളുമായി 'ജല്ലിക്കെട്ട്' മോഡലില്‍ പരിഭ്രാന്തി പരത്തിയ കറവപ്പശു ചത്തു

തൊഴുത്തിൽ ഒപ്പമുള്ള പശുവിനെ അക്രമിക്കാനൊരുങ്ങിയതോടെ വീട്ടുമുറ്റത്തേക്ക് അഴിച്ചു കെട്ടിയ പശു കയർപൊട്ടിച്ച് പ്രദേശത്ത് ഓടിനടക്കുകയും ആൾക്കാരെയടക്കം അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. 

cow died of Rabies Suspect in alappuzha charummoodu
Author
Alappuzha, First Published Oct 18, 2019, 12:54 PM IST

ചാരുംമൂട്: പേവിഷബാധയുടെ ലക്ഷണങ്ങളുമായി പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കറവപ്പശു ചത്തു. കെട്ട് പൊട്ടിച്ച് വീട്ടുമുറ്റത്ത് നിന്നിരുന്ന പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പിടിച്ചുകെട്ടി ഒരു മണിക്കൂറിനു ശേഷമായിരുന്നു പശു ചത്തത്. താമരക്കുളം ചത്തിയറ പുന്നക്കുറ്റി രവിസദനത്തിൽ റബ്ബർ വെട്ട് തൊഴിലാളിയായ രവീന്ദ്രൻ പിള്ളയുടെ കറവപ്പശുവാണ് ചത്തത്. കഴിഞ്ഞ ദിവസമാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിത്.

തൊഴുത്തിൽ ഒപ്പമുള്ള പശുവിനെ അക്രമിക്കാനൊരുങ്ങിയതോടെ വീട്ടുമുറ്റത്തേക്ക് അഴിച്ചു കെട്ടിയ പശു കയർപൊട്ടിച്ച് പ്രദേശത്ത് ഓടിനടക്കുകയും ആൾക്കാരെയടക്കം അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു വഴി പോയ കാറിനു കേടുവരുത്തിയ പശു ജംഗ്ഷനിലുണ്ടായിരുന്ന കൊടിമരവും കുത്തിമറിച്ചു. ഇതിനിടെ പശുവിന്റെ ഒരു കൊമ്പ് ഒടിഞ്ഞ് രക്തം വാർന്നൊഴുകി. വിവരമറിഞ്ഞ് നാട്ടുകാർ ഇവിടേക്ക് ഓടിക്കൂടി. വീട്ടുകാർക്കു പോലും പശുവിന്റെ അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞിരുന്നില്ല. 

മണിക്കൂറുകളോളം ഇതുവഴി കാൽനടയായോ വാഹനത്തിലോ പോകാനും ആരും ധൈര്യപ്പെട്ടില്ല. പത്തരയോടെ നൂറനാട് പോലീസും, കായംകുളത്തു നിന്നും ഫയർഫോഴ്സും സ്ഥലത്തു വന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വടവും, കയറും ഉപയോഗിച്ച് കുരുക്കിട്ടാണ് പശുവിനെ കീഴ്പ്പെടുത്തി കെട്ടിയിട്ടത്. ചാരുംമൂട്എസ് ഐ റെജൂബ്ഖാൻ, ഫയർസ്റ്റേഷൻ ഇൻസ്പെക്ടർ വൈ ഷെഫീക്ക് എന്നിവര്‍ സ്ഥലത്തെത്തി. 

സാന്നിദ്ധ്യത്തിൽ വെറ്റിനറി സർജൻ ഐസക് സാം പേവിഷബാധയുടെ ലക്ഷണങ്ങളാണ് പശു  കാണിക്കുന്നതെന്ന്  വീട്ടുകാരെ ധരിപ്പിച്ചു. എന്നാൽ പശുവിനെ പട്ടി കടിച്ചതായി വീട്ടുകാർക്ക് ഉറപ്പില്ലാത്തതിനാൽ പശുവിനെ നിരീക്ഷിക്കുവാൻ തീരുമാനിച്ചെങ്കിലും അവശയായി കാണപ്പെട്ട പശു ഉച്ചയ്ക്ക് 12 യോടെ ചത്തു. മൂന്നു മാസം മുമ്പ് പ്രദേശത്ത് ചിലരെ പട്ടി കടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

Follow Us:
Download App:
  • android
  • ios