മലപ്പുറം ഉപ്പട ചെമ്പന്‍കൊല്ലിയില്‍ വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട ആറ് പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം. ആക്രമണത്തിൽ ഒരു പശുക്കിടാവിനെ കാണാതാവുകയും മറ്റൊന്നിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

മലപ്പുറം: ഉപ്പട ചെമ്പന്‍കൊല്ലിയില്‍ വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം. പശുക്കിടാവുകൾ ഉള്‍പ്പെടെയുള്ള ആറ് പശുക്കളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ഒന്നിനെ കാണാതായി. ഒരെണ്ണത്തിന് സാരമായ പരിക്കേറ്റു. പ്രദേശത്തെ ക്ഷീരകര്‍ഷകന്റെ രണ്ട് വയസ് പ്രായമായ പശുവിനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്.

ജീവിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട പശുവിന്‍റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് പാലേമാട് വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തി പരിക്കേറ്റ പശുവിന് ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം പള്ളിപ്പടി അറന്നാടംപാടം ഭാഗത്ത് പുലിയെ കണ്ടതായി പറഞ്ഞ് ജലീല്‍ എന്ന ഓട്ടോ ഡ്രൈവര്‍ സാമുഹിക മാധ്യമങ്ങളില്‍ വിഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പന്‍കൊല്ലിയില്‍ പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. പുലി തന്നെയാണെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.