വൃക്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചിരുന്നു.
മൂന്നാർ: മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ല അസിസ്റ്റന്റ് സെക്രട്ടറിയും ഡി ഇഡബ്ല്യു യൂണിയൻ ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി. പളനി വേൽ നിര്യാതനായി. ഇന്ന് പുലർച്ചെ ആറോടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്. വൃക്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് നാല് മണിയോടെ മൂന്നാറിലെ വസതിയിൽ എത്തിക്കും.
നാളെ രാവിലെ 9 മണി മുതൽ ഒരു മണി വരെ മൂന്നാർ സിപിഐ ഓഫീസിൽ പൊതുദർശനം. ഭാര്യ ജബഖനി. മക്കൾ: മുരുകനന്ദൻ (ബാലു ), ജയലക്ഷ്മി, വി സോനന്ദിനി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
സമ്മേളന പരിപാടികളിൽ മാറ്റം
മുതിർന്ന നേതാവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേലിന്റെ നിര്യാണത്തെ തുടർന്ന് സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഇന്നത്തെയും നാളത്തെയും മുഴുവൻ പരിപാടികളും മാറ്റിയതായി ജില്ലാ സെക്രട്ടറി കെ സലിംകുമാർ അറിയിച്ചു. 19 ന് രാവിലെ പ്രതിനിധി സമ്മേളനം ആരംഭിക്കും.


