Asianet News MalayalamAsianet News Malayalam

പൊലീസിനെതിരെ സി പി എം; ലോക്കല്‍ കമ്മിറ്റി അംഗത്തെ വംശീയമായി അധിക്ഷേപിച്ചെന്നു പരാതി

ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഈ പരാതിയെ തുടർന്നാണ് തെൻമല പൊലീസ് സ്റ്റേഷനിൽ സി പി എം ഉപരോധം സംഘടിപ്പിച്ചത്.

cpim picket police station thenmala after station officer racist remarks
Author
Thenmala, First Published Oct 4, 2021, 1:51 AM IST

തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സി പി എം പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. നിറത്തിന്റെ പേരിൽ പരിഹസിച്ചിട്ടില്ലെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം.

ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഈ പരാതിയെ തുടർന്നാണ് തെൻമല പൊലീസ് സ്റ്റേഷനിൽ സി പി എം ഉപരോധം സംഘടിപ്പിച്ചത്. മുന്‍പ് പരാതിയുമായെത്തിയ സ്ത്രീയെ പുറമ്പോക്കിൽ താമസിക്കുന്നവർ എന്നു പറഞ്ഞ് എസ് എച്ച് ഒ അപമാനിച്ചിട്ടുണ്ടെന്നും സി പി എം നേതാക്കൾ ആരോപിച്ചു.

കറുത്തവരും പുറമ്പോക്ക് നിവാസികളും സ്റ്റേഷനിൽ വരരുത് എന്ന് എഴുതിയ കടലാസും പ്രതിഷേധ സൂചകമായി എസ്എച്ച് ഒ യുടെ മുറിക്കു മുന്നിൽ സിപിഎം പ്രവർത്തകർ ഒട്ടിച്ചു. ഡിജിപിക്ക് പരാതി നൽകുമെന്നും അറിയിച്ചു. 

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ സ്റ്റേഷനിൽ എത്തിയ സി പി എം നേതാവിനെ ഇരുട്ടത്തു നിന്നതിനാൽ കണ്ടില്ലെന്നു മാത്രമാണ് പറഞ്ഞതെന്ന് തെൻമല എസ് എച്ച് ഒ വിശദീകരിച്ചു. വംശീയമായ പരാമർശം താൻ നടത്തിയിട്ടില്ലെന്നും എസ് എച്ച് ഒ അവകാശപ്പെട്ടു.

Follow Us:
Download App:
  • android
  • ios