വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറും പൾസർ ബൈക്കും ചെടിച്ചട്ടികളും അടിച്ചു തകർത്തു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം നേതാവിൻ്റെ വീട് കയറി ആക്രമണം. തിരുവനന്തപുരം വിളപ്പിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം അസീസ് പേയാടിൻ്റെ വീട്ടിൽ ആണ് ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറും പൾസർ ബൈക്കും ചെടിച്ചട്ടികളും അടിച്ചു തകർത്തു. വീടിന്റെ ജനലുകളും തകർത്ത്, മുൻ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഇവർ പുറത്തേക്കിറങ്ങി ഓടി. പോലീസ് ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

തിരുവനന്തപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ. നെടുമങ്ങാട് പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ ശോഭ കുമാർ മകൻ ദീജു (24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ഉണ്ണികൃഷ്ണൻ മകൻ ജിതിൻ കൃഷ്ണ (26) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 30 -ന് വെളുപ്പിന് 12.15 -നാണ് സംഭവം. കച്ചേരി ജങ്ഷനിലെ പൂക്കടയ്ക്ക് മുന്നിലൂടെ ബൈക്കിൽ പോയ നെടുമങ്ങാട് അയണിമൂട് അഭിന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് (29)നു നേരെയാണ് സംഘം അക്രമം നടത്തിയത്.
പൂക്കടയ്ക്ക് മുന്നിൽ നിന്ന ശ്രീജിത്തിനെ പിടിയിലായ ഇരുവരും കളിയാക്കി എന്നും ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പൂക്കടയിലെ ജീവനക്കാരനായ ജിതിൻ കൃഷ്ണ പൂക്കടയിൽ നിന്നും കത്രിക എടുത്ത് ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു എന്നും പൊലീസ് പറഞ്ഞു. ദീജുവിന്റെ പേരിൽ വേറെ നാലോളം കേസുകളും, ജിതിൻ കൃഷ്ണയുടെ പേരിൽ വേറെ മൂന്നോളം കേസുകളും ഉണ്ട്.
നെടുമങ്ങാട് ഇൻസ്പെക്ടർ ശ്രീകുമാരൻ നായർ, എസ്ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മനോജ്, എസ് സിപിഒ ആർ ബിജു, സി പി ഒ-മാരായ ശ്രീനാഥ്, വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
