തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ആരോപണം പാര്‍ട്ടിയെ ജില്ലയില്‍ വെട്ടിലാക്കിയിരിക്കുകയാണ്. അംഗത്തിന്‍റെ ആരോപണം തള്ളുകയാണ് നേതൃത്വം. 

തൃശൂർ: മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഏരിയാ കമ്മിറ്റിയില്‍ നിന്ന് തന്നെ തരം താഴ്ത്തിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞ് സിപിഎം പ്രാദേശിക നേതാവ്. നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, നിബിന്‍റെ ആരോപണം പാര്‍ട്ടി തള്ളി. ക്രമക്കേടുണ്ടായിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.

സിപിഎം മണ്ണുത്തി ഏരിയാ കമ്മീറ്റി അംഗവും നിലവില്‍ നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് നിബിന്‍ ശ്രീനിവാസന്‍. മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സഹകരണ സംഘങ്ങളില്‍ അഴിമതിയെന്ന ആരോപണം ഉയര്‍ത്തുകയാണ് നിബിന്‍. നടത്തറ പഞ്ചായത്ത് കാര്‍ഷിക – കാര്‍ഷികേതരതൊഴിലാളി സഹകരണ സംഘം, മൂര്‍ക്കനിക്കര സര്‍വീസ് സഹകരണ ബാങ്ക്, റബ്ബര്‍ ടാപ്പിങ് സഹകരണ സംഘം, കൊഴുക്കുള്ളി കണ്‍സ്യൂമര്‍ സഹകരണ സംഘം, അയ്യപ്പന്‍ കാവ് കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘം തുടങ്ങിയ സംഘങ്ങളില്‍ അഴിമതിയെന്നാണ് ആരോപണം.

ഇക്കാര്യങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതിയും നല്‍കി. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, സമ്മേളനത്തില്‍ തന്നെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്തിയെന്നും നിബിന്‍ ആരോപിക്കുന്നു. അതേസമയം, ആരോപണങ്ങളില്‍ മറുപടിയുമായി സിപിഎം രം​ഗത്തെത്തി.

മണ്ണൂത്തിയിൽ 7 സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് നടപടി നേരിട്ടെന്ന് നിബിൻ ശ്രീനിവാസൻ