സംസ്ഥാന സർക്കാർ വർധിപ്പിച്ച നികുതി പിൻവലിക്കാൻ ഈരാറ്റുപേട്ട നഗരസഭ അജണ്ട കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പിആർ ഫൈസൽ. 

കോട്ടയം: സംസ്ഥാന സർക്കാർ വർധിപ്പിച്ച നികുതി പിൻവലിക്കാൻ ഈരാറ്റുപേട്ട നഗരസഭ അജണ്ട കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പിആർ ഫൈസൽ. മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിൽ നികുതി വർദ്ധനവിന് എതിരെയുള്ള യുഡിഎഫ് പ്രതിഷേധത്തിന് എതിരെയാണ് ഫൈസൽ പോസ്റ്റ് ഇട്ടതെങ്കിലും സംസ്ഥാന സർക്കാർ കൊണ്ടുവന്ന നികുതിക്കെതിരെ സിപിഎം ലോക്കൽ സെക്രട്ടറി രംഗത്ത് വന്നു എന്ന നിലയിലാണ് കാര്യങ്ങൾ പ്രചരിക്കുന്നത്. നഗരസഭയ്ക്കകത്തും സോഷ്യൽ മീഡിയയിലും ഇത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.

ഫൈസലിന്റെ കുറിപ്പിങ്ങനെ..

ഈരാറ്റുപേട്ട യുഡിഎഫിന്റെ ഇരട്ടത്താപ്പ്.. ഈരാറ്റുപേട്ട നഗരസഭയിൽ നികുതി ഇനത്തിൽ പിരിക്കുന്ന അധിക തുക പിൻവലിക്കുക എന്നത് ഭരണസമിതിക്ക് തീരുമാനിക്കാവുന്നതാണ്. ഈ നികുതി ഒന്നും സർക്കാരിലേക്ക് എത്തുന്നതല്ല.. നഗരസഭയുടെ ഓൺ ഫണ്ടിന് വേണ്ടി പിരിക്കുന്ന തുക വേണ്ടന്ന് വെക്കാൻ നിലവിലെ ഭരണസമിതി കൗൺസിലിൽ അജണ്ട വെച്ച് അംഗീകാരം നേടിയാൽ മതി.. അതിന് പകരം സർക്കാരിൽ പഴി ചുമത്തിക്കൊണ്ട് പുറമെ സമരം നടത്തുകയും നികുതി തുക കുറയ്ക്കാതെ നില നിർത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്... നികുതി അധിക തുക പിൻവലിക്കാൻ അജണ്ട കൊണ്ടു വന്നാൽ ജനങ്ങൾക്ക് വേണ്ടി ഒന്നടങ്കം പിന്തുണക്കാൻ എൽഡിഎഫ് അംഗങ്ങൾ തയ്യാറാണ്..

പോസ്റ്റിന് നഗരസഭ ചെയർപേഴ്സൺ നൽകിയ മറുപടി 

എന്തൊരു വിഡ്ഢിതരമാണ് ഈ പറയുന്നത്. സർക്കാർ വിജ്ഞാപന പ്രകാരം സർക്കുലർ ഇറക്കുകയും,, സർക്കാർ ഔദ്യോഗിക സൈറ്റായ "സഞ്ചയ്ക" സോഫ്റ്റ്‌ വെയർ വെബ്സൈറ്റിൽ കൃത്യമായ വർധനവ് രേഖപെടുത്തിയിട്ടുള്ളതുമാണ്. ഈ വർദ്ധനവ് ഒഴിവാക്കി ടാക്സ് കളക്റ്റ് ചെയ്യുവാൻ ഈരാറ്റുപേട്ട നഗരസഭക്ക് മാത്രമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കുവാൻ സാധിക്കുക ഇല്ല എന്ന് കൃത്യമായി അറിയാവുന്ന പ്രതിപക്ഷ കൗൺസിലർമാർ ഇത്തരം പ്രഹസനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുത്. ഈരാറ്റുപേട്ട നഗരസഭ ടാക്സ് വർധനവിനെതിരെ പ്രമേയം പാസ്സാക്കാൻ തയ്യാറാണ്.. ഭരിക്കുന്ന സർക്കാരിന്റെ പ്രതിനിധികൾ എന്ന നിലയിൽ ഈ നാട്ടിലെ പാവപ്പെട്ടവർക്ക് വേണ്ടി,സർക്കാരിനെ തിരുത്തി സ്പെഷ്യൽ ഓർഡർ വാങ്ങിതരുവാൻ ഉള്ള ആർജവം കാണിക്കാൻ തയ്യാറുണ്ടോ?

Read more: നട്ടുച്ചയ്ക്ക് കോഴിക്കൂട്ടിൽ മുട്ട കുടിക്കാൻ പാമ്പ് എത്തി, വലയിൽ കുടുങ്ങിയ കക്ഷിയെ രക്ഷിച്ചത് പണിപ്പെട്ട്