Asianet News MalayalamAsianet News Malayalam

Kerala Rains| 'തോരാത്ത മഴ, തമ്പാനൂരിൽ പോലും വെള്ളക്കെട്ടില്ല; നഗരസഭയെ വാഴ്ത്തി സിപിഎം ജില്ലാ സെക്രട്ടറി

'ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാനസർക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടിൽ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചത്'

cpm trivandrum district secretary anavoor nagappan praises corporation mayor arya rajendran
Author
Thiruvananthapuram, First Published Nov 14, 2021, 6:05 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ അതിശക്തമായ മഴയുണ്ടായിട്ടും (Heavy Rainfall) നഗരത്തിൽ ഒരിടത്തും വെള്ളക്കെട്ടില്ലാത്തത് നഗരസഭയുടെ പ്രവർത്തനമികവെന്ന് വാഴ്ത്തി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ (anavoor nagappan) രംഗത്ത്. മുൻപ് ചെറിയൊരു മഴ ഉണ്ടായാൽ തന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായിരുന്ന തമ്പാനൂരും കിഴക്കേകോട്ടയിലും പോലും ഇക്കുറി വെള്ളകെട്ടുണ്ടായില്ലെന്ന് ആനാവൂർ ചൂണ്ടികാട്ടി. ആമയിഴഞ്ചാൻ തോടിന്‍റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാനസർക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടിൽ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ആനാവൂർ നാഗപ്പന്‍റെ കുറിപ്പ്

ഇത്രയേറെ മഴ തോരാതെ തകർത്ത് പെയ്തിട്ടും തിരുവനന്തപുരം നഗരത്തിൽ തമ്പാനൂരും കിഴക്കേകോട്ടയിലും വെള്ളകെട്ടുണ്ടായില്ല. മുൻപ് ചെറിയൊരു മഴ ഉണ്ടായാൽ തന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായിരുന്നു ഇതെല്ലാം. ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാനസർക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടിൽ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചത്. കൃത്യമായ ആസൂത്രണത്തോടെ വകുപ്പുകളുടെ ഏകോപനം നടത്തി ശുചികരണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയ തിരുവനന്തപുരം നഗരസഭയ്ക്ക് അഭിവാദ്യങ്ങൾ.

 

അതേസമയം സംസ്ഥാനത്താകെ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ  റെഡ് അലർട്ടും (Red Alert) എട്ട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ടും (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ എട്ട് ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട്. പാലക്കാടും, മലപ്പുറത്തും, വയനാടും യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാടിന് മുകളിലും അറബിക്കടലിലുമായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് നിലവിൽ മഴ ശക്തമാകുന്നതിന് കാരണം. അടുത്ത മണിക്കൂറുകളിൽ വടക്കൻ മേഖലകളിലേക്ക് കാറ്റ് വ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇന്നലെ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്.

മഴ അതിശക്തം; 3 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച്, തലസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു

മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരാനാണ് സാധ്യത. നാളെ ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടായിരിക്കും. ചക്രവാതചുഴിയുടെ സ്വാധീനഫലമായി പലയിടത്തും ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടായേക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾകടലിൽ ആന്തമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുകയും വീണ്ടും ശക്തി പ്രാപിച്ച്  വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനുമാണ് സാധ്യതയെന്നാണ് കേന്ദ്രകാലവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ.

അതിനിടെ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വിളിച്ചുചേർത്ത  ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ  യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ശബരിമല നട തുറക്കുമ്പോൾ കൂടുതൽ തീർത്ഥാടകർ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയിൽ  പ്രയാസം സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മഴ ശക്തമായതിനാൽ നദിയിൽ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിനും കുളിക്കാനുള്ള വെള്ളത്തിനും  ലഭ്യതക്കുറവുണ്ടാകും. അതിനാൽ അടുത്ത മൂന്നു നാല് ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്.  സ്പോട്ട് ബുക്കിംഗ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണം.  മഴക്കെടുതി പ്രയാസം ഉള്ള ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios