പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനും അമ്മ ലക്ഷ്മിയും ചെന്താമരയുടെ വെട്ടേറ്റു വീട്ടു മുറ്റത്ത് പിടഞ്ഞു മരിച്ചു. മലയാളി നടുങ്ങിയ നെന്മാറ ഇരട്ടകൊലപാതകം. കേരളം കണ്ട ക്രൂര കൊലപാതകങ്ങളിൽ ഒന്ന് നടന്നു ഒരുവർഷം പിന്നിടുമ്പോൾ ആണ് പ്രധാന സാക്ഷികളുടെ കൂറ് മാറ്റം.

പാലക്കാട് : നെന്മാറ ഇരട്ടകൊലപാതക കേസിലെ വിചാരണക്കിടെ കൂറുമാറി സാക്ഷികൾ. പ്രധാന സാക്ഷികൾ ആയ ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണനും ഭാര്യയും അയൽവാസിയുമാണ് കോടതിയിൽ മൊഴിമാറ്റിയത്. ഇവര്‍ കൂറ് മാറിയതായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

2025 ജനുവരി 27നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുണ്ടായത്. കൊലപാതകകേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര മറ്റു രണ്ടു പേരുകൂടെ ജീവനെടുത്തു. പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനും അമ്മ ലക്ഷ്മിയും ചെന്താമരയുടെ വെട്ടേറ്റു വീട്ടു മുറ്റത്ത് പിടഞ്ഞു മരിച്ചു. മലയാളി നടുങ്ങിയ നെന്മാറ ഇരട്ടകൊലപാതകം. കേരളം കണ്ട ക്രൂര കൊലപാതകങ്ങളിൽ ഒന്ന് നടന്നു ഒരുവർഷം പിന്നിടുമ്പോൾ ആണ് പ്രധാന സാക്ഷികളുടെ കൂറ് മാറ്റം.

പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. പല സാക്ഷികളും കേസിൽ ചെന്താമരയ്ക്കെതിരെ കോടതിയിൽ മൊഴി നൽകി. ഇതിനിടെയാണ് മൂന്ന് പ്രധാന സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയത്. ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണനാണ് മൊഴിമാറ്റിയ സാക്ഷികളിൽ പ്രധാനി. കൊലപാതകം നടത്തുന്നതിന്റെ തലേ ദിവസം ചെന്താമര തന്നെ വിളിച്ചിരുന്നതായാണ് രാധാകൃഷ്ണന്‍ പോലീസിനോട് പറഞ്ഞത്. ചെന്താമര സുധാകരനെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞതായും രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയിരുന്നു. പക്ഷെ കോടതിയിൽ എത്തിയപ്പോൾ രാധാകൃഷ്ണന്‍ മൊഴിമാറ്റി. കൊലപാതകത്തിന്റെ തലേ ദിവസം ചെന്താമര വിളിച്ചിട്ടില്ലെന്നാണ് കോടതിയിൽ പറഞ്ഞത്.

തെളിവായി ഫോൺ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജറാക്കി. രാധാകൃഷ്ണന്റെ ഭാര്യ രമയും അയല്‍ വാസി പൊന്നുകുട്ടിയും പോലീസിന് നൽകിയ മൊഴിയിൽ ഉറച്ച് നിന്നില്ല. കേസിലെ പ്രധാനസാക്ഷികൾ ആണ് ഇവർ. ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും മൊഴി മാറ്റിയാലും കേസിനെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ഇവർ കൂറ് മാറിയതായി കണക്കാക്കണമെന്നും വാദിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ ഇനിയും സാക്ഷികളുടെ മൊഴി കോടതി രേഖപെടുത്താൻ ഉണ്ട്. നെന്മാറ സജിതാ വധകേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇരട്ടകോലപാതകത്തിൽ വിചാരണ നടക്കുന്നത്.