Asianet News MalayalamAsianet News Malayalam

ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞു; കൊടും ക്രൂരത

ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

Cruelty of throwing kittens to the road from a running car in kozhikode
Author
Kozhikode, First Published May 22, 2021, 9:58 PM IST

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞ്  ക്രൂരത. കാറിന്‍റെ ബോഡിയിൽ തട്ടി റോഡിൽ വീണ് ഗുരുതര പരിക്കേറ്റ് പിടഞ്ഞ പൂച്ചകളെ ആർ.ആർ.ടി വളണ്ടിയർ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കോഴിക്കോട്- ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സമാനതയില്ലാത്ത ക്രൂര സംഭവം അരങ്ങേറിയത്. 

ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സിൽവർ നിറമുള്ള കാറിൽ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർപെട്ടെന്ന് ഓടിച്ചു പോവുകയും ചെയ്തു. റോഡിലുണ്ടായിരുന്നവർ ജീവനു വേണ്ടി പിടഞ്ഞ പൂച്ചകളെ റോഡരുകിലേക്ക് മാറ്റി വെള്ളം നൽകി. തുടർന്ന് 13-ാം വാർഡ് ആർ.ആർ.ടി വളണ്ടിയർ പി. ഷനോജ് ലാലിനെ വിവരം അറിയിച്ചു. 

അദ്ദേഹമെത്തി പിടയുന്ന പൂച്ചകളെ കൊട്ടയിലാക്കി ഉടൻ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പൂച്ചകുഞ്ഞുങ്ങളും ചത്തതായി ഡോക്ടർ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തിന് തൊട്ടടുത്ത് പൊലീസിന്‍റെ കാമറ ഉണ്ടായിരുന്നതിനാൽ പൂച്ചയെ വലിച്ചെറിയുന്ന ദൃശ്യത്തിന് ട്രാഫിക് എൻഫോഴ്സ്മെൻറ് വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും ക്യാമറയുടെ പരിധിക്ക് പുറത്തായതിനാൽ ദ്യശ്യം ലഭ്യമായില്ല. ചത്ത പൂച്ചക്കുഞ്ഞുങ്ങളെ പിന്നീട് ഷനോജ് തന്നെ കുഴിച്ചിട്ടു. നേരത്തെ കക്കോടി ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios