ലോട്ടറി വാങ്ങാൻ എത്തിയ ആൾക്ക് മുന്നിൽ ടിക്കറ്റുകളും സമ്മാനങ്ങളും പരിചയപ്പെടുത്തുന്നതിനിടെയാണ് അപ്പു കബളിപ്പിക്കപ്പെട്ടത്.
കൊച്ചി: എറണാകുളം കാലടിയിൽ കാഴ്ചശക്തിയില്ലാത്ത ലോട്ടറി വിൽപനക്കാരന്റെ 24 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി. സങ്കടം അറിഞ്ഞെത്തിയ സമീപത്തെ വ്യാപാരി 24 ടിക്കറ്റുകളുടേയും പണം നൽകിയാണ് സാന്ത്വനിപ്പിച്ചത്. മറ്റൂർ ജംഗ്ഷനിൽ നിന്നാണ് മോഷണത്തിന്റെയും ഒപ്പം കാരുണ്യത്തിന്റെയും കാഴ്ച. കാലടി പിരാരൂർ സ്വദേശി അപ്പുവും ഭാര്യ രമയും വർഷങ്ങളായി ലോട്ടറി കച്ചവടക്കാരാണ്.
കാഴ്ച പരിമിതരായ ഇരുവർക്കും ഇത് മാത്രമാണ് ഏക ഉപജീവനമാർഗ്ഗം. ലോട്ടറി വാങ്ങാൻ എത്തിയ ആൾക്ക് മുന്നിൽ ടിക്കറ്റുകളും സമ്മാനങ്ങളും പരിചയപ്പെടുത്തുന്നതിനിടെയാണ് അപ്പു കബളിപ്പിക്കപ്പെട്ടത്. രണ്ട് കെട്ട് ടിക്കറ്റുകളുമായി ഇയാൾ കടന്നുകളഞ്ഞത് പാവം അപ്പു ആദ്യം അറിഞ്ഞില്ല. അറിഞ്ഞപ്പോൾ വലിയ സങ്കടമായി. ഇരുപത്തിനാല് ടിക്കറ്റുകളാണ് ഒന്നിച്ച് നഷ്ടപ്പെട്ടത്.
വിവരമറിഞ്ഞ് സമീപത്ത് കച്ചവടക്കാരനായ സനോജ് നഷ്ടപ്പെട്ട മുഴുവൻ ടിക്കറ്റുകളുടേയും തുക നൽകി അപ്പുവിനെ ചേർത്തുപിടിച്ചു. പിന്നാലെ സഹായ പ്രവാഹമായി. കബളിപ്പിക്കപ്പെട്ടതിന്റെ ദുഖം ആളുകളുടെട പിന്തുണയും സഹായവുമെത്തിയതോടെ അപ്പുവിനും മാറി. അപ്പുവിന് പരാതി ഇല്ലെങ്കിലും കാഴ്ച പരിമിതരായ ദന്പതിമാരെ കബളിപ്പിച്ചയാളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപ്പുവും ഭാര്യ രമയും വീടില്ലാത്തതിന്റെ ദുരിതം നേരത്തെ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചിരുന്നു. പിന്നാലെ ലൈഫ് പദ്ധതിയിൽ അനുവദിച്ചു കിട്ടിയ വീടിന്റെ നിർമ്മാണം നടന്നുവരികയാണ്.
