കൽപറ്റ: വയനാട് വെറ്ററിനറി സർവകലാശാലയില്‍ ​ഗവേഷണത്തിനായി എത്തിച്ച പക്ഷികള്‍ക്ക് നരകജീവിതം. രണ്ട് വർഷമായി കാര്യമായ പരിചരണം ലഭിക്കാത്തതിനെ തുടർന്ന് അവശനിലയിലായിരിക്കുകയാണ് പക്ഷികൾ. ​2018 സെപ്റ്റംബറിലാണ് വെറ്ററിനറി വിഭാഗം വിദ്യാർഥികളുടെ ഗവേഷണത്തിനായി പക്ഷികളെ സർവകലാശാലയിലെത്തിച്ചത്.

നാല് ഒട്ടകപക്ഷി, 10 എമു, 200 കോഴി‌,150 താറാവ്, ഏട്ട് വാത്ത കോഴികള്‍, നാല് ടർക്കി കോഴികള്‍ എന്നീ പക്ഷികളെയാണ് സർവകാലാശാലയിൽ പഠനത്തിനായി കൊണ്ടുവന്നത്. ഇവയെ പ്രത്യേകം ഫാമുകളുണ്ടാക്കിയാണ് പാർപ്പിച്ചിരുന്നത്. പറക്കാനാകാത്ത പക്ഷികളെ കുറിച്ചുള്ള പഠനത്തിനായാണ് ഈ പക്ഷികളെ സർവകലാശാലയിലേക്ക് കൊണ്ടുവന്നത്. പക്ഷികളെ സർവകലാശാലയിലേക്ക് കൊണ്ടുവന്നതുള്‍പ്പടെ പൊജക്ടിനായി ആറര ലക്ഷം രൂപയാണ് സർവകലാശാല ചെലവഴിച്ചത്.

എന്നാല്‍, പഠനമാരംഭിച്ച് രണ്ട് വർഷമാകുമ്പോഴേക്കും പക്ഷികളെ അധികൃതർ തിരിഞ്ഞ് നോക്കാതെയായി. വേണ്ടത്ര പരിചരണം ലഭിക്കാതെയായപ്പോൾ പ​ക്ഷികളുടെ തൂവലുകള്‍ കൊഴിഞ്ഞു. പരസ്പരം കൊത്തി മുറിവേല്‍പിച്ച് ചോരയൊലിപ്പിച്ചാണ് പക്ഷികള്‍ കൂട്ടില്‍ കഴിയുന്നത്. പ്രത്യേകം സജ്ജീകരിച്ച മറ്റു കൂടുകള്‍ക്കകത്ത് എമുവും കോഴിയും താറാവുമടക്കം മറ്റു പക്ഷികളുമുണ്ട്.

പഠനത്തിനായി കൊണ്ടുവന്ന പക്ഷികളോട് സർവകലാശാല അധികൃതർ കാണിക്കുന്ന കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ. അതേസമയം, പ്രൊജക്ട് പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നും, പക്ഷികളെ വൈകാതെ അനുയോജ്യമായിടത്തേക്ക് മാറ്റി പാർപ്പിക്കുമെന്നും സർവകലാശാല അധികൃതർ പ്രതികരിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പഠനത്തിനായെത്തിച്ച പക്ഷികളോടുള്ള വെറ്ററിനറി സർവകലാശാലയിലെ അധികൃതരുടെ ക്രൂരതയ്ക്കെതിരെ അന്വേഷണവുമായി വനം മന്ത്രി കെ രാജു രം​ഗത്തെത്തി. വെറ്ററിനറി സർവകലാശാലയിലെ പക്ഷികള്‍ക്ക് നരകജീവിതമെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ. സംഭവത്തക്കുറിച്ച് സർവകലാശാലയിലെ ഡയറക്ടർ ഓഫ് അക്കാദമിക്സ് ആൻഡ് റിസർച്ച് ഡോ. അശോകിനോട് അന്വേഷിക്കാൻ മന്ത്രി നിർദ്ദേശിച്ചു. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.