ആലപ്പുഴ: പത്രവിതരണത്തിന് പോകുന്നതിനിടയില്‍ ബൈക്ക് മോഷണം നടത്തിയ പതിനെട്ടുകാരന്‍ പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പാലിയത്ത് തയ്യില്‍ വീട്ടില്‍ അതുലിനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാള്‍ ബൈക്ക് ഓടിച്ച് വരുന്നത് കണ്ട് നമ്പര്‍ പ്ലേറ്റിലെ കൃത്രിമം കണ്ട് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണുവിന് സംശയം തോന്നി.

തുടര്‍ന്ന് പ്രതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം വിഷ്ണു വിവരം മണ്ണഞ്ചേരി എസ്ഐയെ അറിയിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്. നേതാജി കണക്കൂര്‍ ക്ഷേത്രത്തിന് സമീപമുള്ള കായിച്ചിറവീട്ടില്‍ സുഖില്‍ എന്നയാളുടെ ബൈക്കാണ് കണ്ടെത്തിയത്.

സുഖില്‍ ഏറെനാളായി എറണാകുളത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് പ്രതി പത്രം വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം നടത്തിയത്.

പിന്നീട് ബൈക്ക് വലിയകലവൂര്‍ ക്ഷേത്രത്തിന് സമീപം മാറ്റിവെച്ചിരിക്കുകയായിരുന്നു. അവിടുന്ന് രജിസ്റ്റര്‍ നമ്പരില്‍ കൃത്രിമം നടത്തിയശേഷം ഓടിച്ചുകൊണ്ട് വന്നപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.