ഇടുക്കി : ജില്ലയിലെ സ്റ്റേഷനുകളില്‍ രണ്ടു കസ്റ്റഡി മര്‍ദ്ദനങ്ങൾ പൊലീസിന് ദുഷ്പേരുണ്ടാക്കിയ സാഹചര്യത്തിൽ,  ഉന്നതതല യോഗം വിളിച്ച് ഡി ഐ ജി.  ഇടുക്കി ജില്ലയുടെ ചുമതലയുള്ള എറണാകുളം റേഞ്ച് ഐ ജി കാളിരാജ് മഹേഷ് കുമാര്‍ ഐ പി എസിന്‍റെ നേതൃത്വത്തില്‍ മൂന്നാറിലെ കെ ടി ഡി സിയിൽ വെച്ച്  യോഗം നടത്തിയത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സി ഐമാര്‍, എസ് ഐ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി എസ് വേണുഗോപാല്‍, മൂന്നാര്‍ ഡി വൈ എസ് പിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലയിലെ ക്രമസമാധാനം സൗഹാര്‍ദ്ദപരമായിരിക്കാനുതകുന്ന വിധത്തിലുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടത്തിയെന്നാണ് സൂചന.

നെടുങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളിലെ സ്റ്റേഷനുകളില്‍ വച്ചാണ് പ്രതികള്‍ മര്‍ദ്ദനത്തിനിരയായത്. രണ്ടു സംഭവങ്ങളിലും എസ് ഐ അടക്കം എട്ടു പൊലീസുകാര്‍ സസ്പെന്‍ഷനിലായിരുന്നു. നെടുങ്കണ്ടത്ത് പ്രതി കസ്റ്റഡിയില്‍ വച്ച് മരിച്ചു. മൂന്നാര്‍ സ്റ്റേഷനിലെത്തിച്ച പ്രതി ക്രൂരമായ പീഡനത്തിന് താന്‍ ഇരയായെന്ന് മൊഴി നല്‍കിയിരുന്നു. രണ്ടു സംഭവങ്ങളും ഇടുക്കി പൊലീസിന് ക്ഷീണമേല്‍പ്പിച്ച സാഹചര്യത്തിലാണ് അടിയന്തിര നടപടികള്‍.

പ്രതികളെ പിടികൂടുമ്പോള്‍ പാലിക്കേണ്ട ജാഗ്രതയും കണിശതയും സംബന്ധിച്ച നിർദ്ദേശങ്ങൾ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കി. കസ്റ്റഡി കാലയളവില്‍ പ്രതികളെ ദേഹോപദ്രവമേല്‍പ്പിക്കരുതെന്ന നിര്‍ദ്ദേശം കര്‍ശനമായും പാലിക്കേണ്ടതുണ്ടെന്നും സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗഹാര്‍ദ്ദപരമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ പ്രത്യേക  ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാഭാവിക യോഗം മാത്രമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണമെങ്കിലും കസ്റ്റഡി മര്‍ദ്ദനവുമായി സംബന്ധിച്ച വിഷയങ്ങള്‍ തന്നെയാണ് ചര്‍ച്ചയായതെന്നാണ് വ്യക്തമാകുന്നത്.