മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മേയർ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് പരാജയം. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന ബിജെപിയെ പിന്തുണച്ചതും മറ്റ് ചില കക്ഷികൾ വിട്ടുനിന്നതും ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിക്ക് വിജയം നേടിക്കൊടുത്തു.

ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മേയർ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺ​ഗ്രസിന് തോൽവി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചു. 31നെതിരെ 32 വോട്ടുകൾ നേടിയാണ് ബിജെപി വിജയിച്ചത്. ഉദ്ധവ് വിഭാ​ഗം ശിവസേന പിന്തുണ നൽകുകയും രണ്ട് വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) കോർപ്പറേറ്റർമാരും എഐഎംഐഎം കോർപ്പറേറ്ററും വിട്ടുനിന്നതോടെയാണ് കോൺ​ഗ്രസിന് തോൽവിയായത്.

66 അംഗ കോർപ്പറേഷനിൽ 27 സീറ്റുകളിൽ വിജയിച്ചാണ് കോൺ​ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഷെത്കാരി കാംഗർ പക്ഷ, എഐഎംഐഎം, ബിഎസ്പി എന്നിവയുൾപ്പെടെയുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കിയിരുന്നു. എന്നാൽ വിഭാഗീയത കാരണം അവസാന നിമിഷം പാർട്ടികൾ പിന്തുണച്ചില്ല. അതേസമയം, 23 സീറ്റിൽ വിജയിച്ച ബിജെപി, ശിവസേന (യുബിടി)യുമായുള്ള അധികാര പങ്കിടൽ കരാറിലൂടെ മേയർ സ്ഥാനം ഉറപ്പാക്കി.15 മാസം വീതം മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ മാറി മാറി സ്ഥാനം പങ്കിടാൻ സമ്മതിച്ചു.

ബിജെപി ക്യാമ്പ് 34 കോർപ്പറേറ്റർമാരുടെ പിന്തുണ അവകാശപ്പെട്ടു. എന്നാൽ, 2 വിബിഎ അംഗങ്ങളുടെ അപ്രതീക്ഷിത പിന്മാറ്റം അം​ഗസംഖ്യ 64 ആയി കുറച്ചു. രണ്ട് ക്യാമ്പുകളിലും 32 പേർ വീതമുണ്ടായിരുന്നു. എഐഎംഐഎം കോർപ്പറേറ്റർ അസ്ഹർ ഷെയ്ഖ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ കോൺഗ്രസ് നോമിനിയായ വൈശാലി മഹാദുലെയുടെ 31 വോട്ടിനെതിരെ ബിജെപിയുടെ സംഗീത ഖണ്ഡേക്കർക്ക് 32 വോട്ടുകൾ നേടാൻ കഴിഞ്ഞു.