ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പൊലീസിന് മൊഴിനൽകിയിരുന്നു.

കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെന്ന് ബാലക്ഷേമ സമിതി. ആറുകുട്ടികളുടെയും മൊഴിയെടുത്തു. സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടി സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും. പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളിലൊരാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.

ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പൊലീസിന് മൊഴിനൽകിയിരുന്നു. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോൾ ഒരാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുട്ടികളിൽ നിന്ന് വിശദമായ മൊഴി സി ഡബ്ല്യൂ സി രേഖപ്പെടുത്തിയത്. മകളെ തിരികെ വീട്ടിൽകൊണ്ടുപോകാൻ സന്നദ്ധതയറിയിച്ച് ഒരു കുട്ടിയുടെ അമ്മ ജില്ല കളക്ടർക്ക് രാവിലെ അപേക്ഷയും നൽകിയിരുന്നു. 

ഇതുൾപ്പെടെ പരിഗണിച്ച ബാലക്ഷേമ സമിതി, രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അറിയിച്ചു. കുട്ടികളെ മറ്റൊരു ബാലമന്ദിരത്തിലേക്ക് ഉടൻ തന്നെ മാറ്റിയേക്കും അതിനിടെ, അറസ്റ്റിലായ യുവാക്കൾ നിരപരാധികളെന്ന് വിളിച്ചുപറഞ്ഞ് കുട്ടികൾ മാധ്യമങ്ങൾക്ക് മുമ്പിലെത്താൻ ശ്രമിച്ചെങ്കിലും അധികൃതർ ഇടപെട്ട് നീക്കി. തിരികെ ബാലമന്ദിരത്തിലെത്തിച്ചതിലും കുട്ടികൾ പ്രതിഷേധിച്ചു.

ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതികളിലൊരാളായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ ചാടിപ്പോയത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. ഒരുമണിക്കൂറിനകം പ്രതിയെ പിടികൂടിയെങ്കിലും ചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കെതിരെ നടപടിക്കും അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.