കുന്നംകുളം മക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയി തിരികെ ലഭിച്ച പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. അതിനാൽ പുതിയ വിഗ്രഹം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്താൻ ക്ഷേത്ര ഭരണസമിതി ആലോചിക്കുന്നു. പ്രതിയെ ഉടൻ തെളിവെടുപ്പിനായി ക്ഷേത്രത്തിൽ എത്തിക്കും.

തൃശൂർ: മോഷ്ടാവിൽ നിന്നും കണ്ടെടുത്ത കുന്നംകുളം മക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിൽ പുതിയ വിഗ്രഹം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്താൻ ആലോചനയുമായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ. കഴിഞ്ഞ ദിവസമാണ് മോഷണം പോയ പഞ്ചലോഹ വിഗ്രഹം പോലീസ് കണ്ടെടുത്തത്.

അഷ്ടബന്ധത്തിൽ ഉറപ്പിച്ചിരുന്ന വിഗ്രഹം ഇളക്കി മാറ്റിയാണ് കൊണ്ടുപോയത്. പോലീസ് കണ്ടെടുത്ത വിഗ്രഹം ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ പരിശോധിച്ചപ്പോഴാണ് കേടുപാടുകൾ വ്യക്തമായത്. കാലിന്റെ ഭാഗത്തും മറ്റു ചില ഭാഗങ്ങളിലും വിഗ്രഹത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേടുപാടുകൾ പറ്റി വിഗ്രഹത്തിന് ചൈതന്യം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിക്കാൻ ക്ഷേത്ര ഭരണസമിതി ആലോചിക്കുന്നത്.

പോലീസ് കണ്ടെടുത്ത വിഗ്രഹം നിലവിൽ കോടതി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ കോടതി നടപടികൾ പൂർത്തിയായ ശേഷമായിരിക്കും വിഗ്രഹം ക്ഷേത്രത്തിന് കൈമാറുക. അതേസമയം കേസുമായി ബന്ധപ്പെട്ട് കോടതി റിമാൻഡ് ചെയ്ത മോഷ്ടാവിനെ അടുത്ത ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനു ശേഷമായിരിക്കും തെളിവെടുപ്പിനായി പ്രതിയെ ക്ഷേത്രത്തിൽ എത്തിക്കുക.