പൂച്ചാക്കൽ∙ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കായലിൽ നിന്നും കണ്ടെത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാം വാർഡ് കരീത്തറ പുതുവൽ നികർത്ത് അപ്പച്ചൻ (58) ന്റെ മൃതദേഹമാണ് ഇന്ന് ചന്തിരൂർ കടത്തു കടവിലെ പായലിനിടയിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിക്ക് ശേഷം മുതലാണ് കാണാതായത്. 

കരീത്തറ പാടശേഖരത്തിലേക്കുള്ള ചാലിൽ വെള്ളം കയറ്റുന്നതും ഇറക്കുന്നതും അപ്പച്ചനാണ്. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സ്ഥിരമായി തോടിനുസമീപത്തുകൂടിയാണ് വീട്ടിലേക്ക് പോകുന്നത്. വെള്ളത്തിൽ വീണതാവാമെന്ന് ബന്ധുക്കളുടെ സംശയത്തെത്തുടന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്.

ഇദ്ദേഹത്തിന് വേണ്ടി നേവി ഉദ്യോഗസ്ഥർ കായലിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. അപ്പച്ചന്റെ ഒരു ചെരുപ്പ് മാത്രമാണ് കായലിൽ നിന്ന് നേവി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നത്.