കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്ത് ബസ്സിനുള്ളിൽ മൃതദേഹം കണ്ടെത്തി. വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു സ്ഥിരമായി ഈ ബസ്സിനുള്ളിലാണ് തമ്പടിച്ചിരുന്നത്. എങ്ങനെയാണ് ബാബു മരിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ബാബു ബന്ധുക്കളുമായും മറ്റുള്ളവരുമായും യാതൊരു ബന്ധവും സൂക്ഷിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടവരുണ്ട്. എന്നാൽ ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. തുടർന്ന് കിളിമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
അതേസമയം വയനാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അപ്രതീക്ഷതമായി ഇന്നലെ പെഴ്ത കനത്ത മഴയിലും കാറ്റിലും തെങ്ങ് മറിഞ്ഞുവീണ് ബസ് സ്റ്റോപ്പിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19 വയസുകാരൻ നന്ദു മരിച്ചു എന്നതാണ്. ഐ ടി ഐ വിദ്യാർഥിയായ നന്ദുവിന്‍റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. കൽപ്പറ്റ പുളിയാർമലയിലെ ഐ ടി ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുകളിലൂടെയായിരുന്നു തെങ്ങ് മറിഞ്ഞുവീണത്. ഈ സമയത്ത് അവിടെ ബസ് കാത്തിരിക്കുകയായിരുന്നു നന്ദു. അപകടത്തിൽ പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചിരുന്നു. അപ്രതീക്ഷിത അപകടത്തിൽ നന്ദുവിന്‍റെ ജീവൻ നഷ്ടമായതിന്‍റെ വേദനയിലാണ് നാടും നാട്ടുകാരും. ഇന്നലെ അപകടം നടന്ന ശേഷം നന്ദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്തുള്ള ബസ് സ്റ്റോപ്പിലെ ചിത്രങ്ങളും ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ബസ് സ്റ്റോപ്പിലെ സീറ്റിൽ നന്ദുവിന്‍റെ ബാഗ് മാത്രമുള്ള ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത്. അപകട വാർത്തക്ക് പിന്നാലെ ഏവരുടെയും പ്രാർത്ഥന നന്ദുവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിക്കണേ എന്നതായിരുന്നു. എന്നാൽ ഏവരെയും വേദനയിലാഴ്ത്തി നന്ദു മരണത്തിന് കീഴടങ്ങുകയായിരുന്നു. നന്ദുവിന്‍റെ ജീവൻ നഷ്ടമായെന്നറിഞ്ഞതോടെ നാടിന് ആ ബസ് സ്റ്റോപ്പും ഒരു നൊമ്പരമായി മാറുകയാണ്.
