കടലില്‍ കുളിക്കുന്നതിനിടയില്‍ അഞ്ചു പേരും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.

തിരുവനന്തപുരം: തിരുവല്ലം പനത്തുറ പൊഴിക്കരയില്‍ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാച്ചല്ലൂര്‍ കൊല്ലം തറ കാവിന്‍ പുറത്ത് കാര്‍ത്തികയില്‍ അനില്‍കുമാറിന്റെയും ലേഖയുടെയും മകന്‍ വിഷ്ണു എന്ന് വിളിക്കുന്ന അംജിത്തി (15)ന്റെ മൃതദേഹം ആണ് കടലില്‍ കണ്ടെത്തിയത്. വിഴിഞ്ഞത്ത് വാര്‍ഫില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

ഞായറാഴ്ച വൈകുന്നേരം 3.30 ഓടെ സുഹൃത്തുക്കളായ അഞ്ചംഗ സംഘം കുളിക്കാനായി പനത്തുറ പൊഴിക്കരയില്‍ എത്തിയത്. കടലില്‍ കുളിക്കുന്നതിനിടയില്‍ അഞ്ചു പേരും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഇതില്‍ മൂന്നുപേര്‍ നീന്തി മറുകര എത്തി. മറ്റൊരാള്‍ തലനാരിഴക്ക് രക്ഷപ്പെട്ട് കരയ്ക്ക് കയറിയെങ്കിലും അംജിത്തിനെ അടി ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അംജിത്ത്. വിവരം അറിഞ്ഞ് നാട്ടുകാരും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസും പൂന്തറ പൊലീസുമാണ് തിരച്ചില്‍ നടത്തിയത്. 


ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളി ടൗണില്‍ കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടില്‍ അമ്മിണി മാത്യുവാണ് മരിച്ചത്. വെളുപ്പിന് 4.30നായിരുന്നു അപകടം നടന്നത്. രോഗബാധിതയായതിനെ തുടര്‍ന്ന് കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്.

കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന് മുന്നില്‍ വെച്ച് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അമ്മിണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ സാരമായി പരിക്കേറ്റ അമ്മിണിയുടെ മകള്‍ ബ്ലെസി ആശുപതിയില്‍ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകന്‍ ജേക്കബിന് പരിക്കുകളൊന്നുമില്ല. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 

ശബരിമല അന്നദാനത്തിന് അനുമതി; അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ഹർജി തള്ളി സുപ്രീംകോടതി

YouTube video player