കിഴക്കഞ്ചേരിയിലെ പുഴയിൽ തുടർച്ചയായി ചത്ത താറാവുകൾ ഒഴുകിയെത്തുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു. തിരുവോണ ദിവസം മുതൽ തുടരുന്ന  പ്രശ്നം പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാരുടെ ആവശ്യം.

പാലക്കാട്: പുഴയിലൂടെ ചത്ത താറാവുകൾ ഒഴുകിവരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കിഴക്കഞ്ചേരി ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ പുഴക്കടവിന്റെ പരിസരത്താണ് നിരവധി താറാവുകൾ ഒഴുകിയെത്തി കെട്ടിക്കിടക്കുന്നത്. ഇക്കഴിഞ്ഞ തിരുവോണം ദിവസം മുതൽ ചത്തു പൊങ്ങി ഒഴുകിവരുന്ന നിലയിൽ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുളിക്കടവിന്റെ പരിസരം ആയതിനാൽ വ്യാപകമായി ദുർഗന്ധം നമിക്കുന്നത് ജനങ്ങളിലും ആശങ്കിക്കിടയാകുന്നു. സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും ഫാമുകളിൽ പക്ഷിപ്പനിയോ മറ്റ രോഗബാധയോ പിടിപെട്ട് ചത്ത താറാവുകളെ വിട്ടതാണോ എന്നും സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഈ സംഭവം ഉണ്ടായിട്ട്. ഓരോ ദിവസം കൂടുംതോറും കൂടുതൽ അഴുകിയ താറാവുകളാണ് ഒഴുകിയെത്തുന്നത്.

ഒഴുക്ക് കുറവായതിനാൽ പുഴയുടെ അരികുവശങ്ങളിൽ തങ്ങി നിന്ന് അഴുകുന്നതാണ് പുഴയിലെ ജലസ്രോതസ്സ് മലിനമാകാൻ കാരണമാകുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കിഴക്കഞ്ചേരി സ്വദേശി പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയെങ്കിലും ഇതിനെതിരെ നടപടി സ്വീകരിക്കാനോ അന്വേഷണം നടത്താനോ അധികൃതർ തയ്യാറായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചത്ത താറാവുകൾ ഒഴുകി വന്നാൽ സാംക്രമിക രോഗങ്ങൾക്കും, മറ്റു രീതിയിലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകും. കിഴക്കഞ്ചേരി അഗ്രഹാരത്തിലെയും സമീപപ്രദേശങ്ങളിലെയും നിരവധി ആളുകളാണ് ഈ കുളിക്കടവിനെ ആശ്രയിച്ച് വരുന്നത്. പുഴയിലെ ജലം കൂടുതൽ മലിനമാകാതിരിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.