Asianet News MalayalamAsianet News Malayalam

നിശബ്ദതയെ കഠിനാധ്വാനത്തിലുടെ മറികടന്ന പോസ്റ്റ് വുമൺ, വിസ്മയമായി മെറിൻ

സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരാൾ തപാൽ വിതരണം പോലെ ആളുകളുമായി നിരന്തരം ആശയവിനിമയം നടത്തേണ്ട ഒരു ജോലി എങ്ങനെ ചെയ്യുമെന്ന് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു

Deaf and Dumb woman a successful Post woman in Alappuzha
Author
Alappuzha, First Published Aug 2, 2022, 6:16 PM IST

ആലപ്പുഴ: നാട്ടുകാര്‍ക്ക് പ്രിയങ്കരിയാവുകയാണ് വ്യത്യസ്തയായ ഈ പോസ്റ്റ് വുമൺ. ബധിരയും മൂകയുമായ മെറിൻ ജി ബാബു ആലപ്പുഴ മാരാരിക്കുളം പൊള്ളേത്തൈ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്ത് നാട്ടുകാരിലൊരാളായി മാറിക്കഴിഞ്ഞു. തന്റെ ഇരുചക്രവാഹനത്തിൽ ചെറു പുഞ്ചിരിയോടെ വീടുകളിലെത്തി ആംഗ്യഭാഷയിലാണ് മെറിൻ തപാൽ സാമഗ്രികൾ വിതരണം ചെയ്യുന്നത്. 

സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരാൾ തപാൽ വിതരണം പോലെ ആളുകളുമായി നിരന്തരം ആശയവിനിമയം നടത്തേണ്ട ഒരു ജോലി എങ്ങനെ ചെയ്യുമെന്ന് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ, വളരെ പെട്ടെന്നുതന്നെ നാടും നാട്ടുകാരും മെറിന്റെ ഭാഷ പഠിച്ചു. 
ചുരുങ്ങിയ കാലം കൊണ്ട് നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ട വ്യക്തിയായി മെറിൻ മാറി. 

ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ഒരു മാസം മെറിന്റെ അച്ഛനോ അമ്മയോ സഹോദരിയോ ഭർത്താവ് പ്രീജിത്തോ മെറിനു കൂട്ടുപോകുമായിരുന്നു. നാട്ടുകാർക്കെല്ലാം സുപരിചിതയായതോടെ ഒറ്റയ്ക്കായി തപാൽ വിതരണം. കൊച്ചി ഇൻഫോ പാർക്കിലാണ് പ്രീജിത്തിനു ജോലി. ഡാനി എന്നൊരു മകനും ഉണ്ട് ഇവർക്ക്. കൊല്ലം കൊട്ടാരക്കര കൊച്ചുചാമക്കാല വീട്ടിൽ ബാബു വർഗീസിന്റെയും അലക്സി ബാബുവിന്റെയും മകളായ മെറിൻ തിരുവനന്തപുരം ഗവൺമെന്റ് പോളി ടെക്നിക് കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അവിടെ ലാബ് അസിസ്റ്റന്റായി മൂന്ന് വർഷം ജോലി ചെയ്തു. 

2017 ൽ കൊല്ലം പരവൂർ സ്വദേശി എം എസ് പ്രീജിത്തിനെ വിവാഹം കഴിച്ചു. പ്രീജിത്തിനും സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ല. 
കോളജ് ജോലി ഉപേക്ഷിച്ച ശേഷം ഒരു വർഷം ഒരു സ്വകാര്യ ടെലികോം കമ്പനിയിലും മെറിൻ ജോലി ചെയ്തിരുന്നു. അതിനിടെയാണ് പോസ്റ്റ് വുമൺ ഒഴിവിലേക്ക് അപേക്ഷിച്ചതും ജോലി ലഭിക്കുന്നതും. തനിക്ക് ലഭിച്ച പോസ്റ്റ് വുമൺ ജോലിയിൽ പൂർണ്ണ തൃപ്തയാണെന്നും നാട്ടുകാരുടെയും സഹ ജീവനക്കാരുടെയും പിന്തുണയാണ് ഇതിന് ശക്തിപകരുന്നതെന്ന് മെറിൻ പറയുന്നു. 

Follow Us:
Download App:
  • android
  • ios