ഇടുക്കി: വട്ടവടയിൽ ദുരൂഹസാഹചര്യത്തിൽ കുഴിച്ചിട്ട നവജാത ശിശുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിൽ തലയില്‍ പാലിന്റെ അംശം കണ്ടെത്തിയെങ്കിലും അവയവങ്ങൾ കൂടുതൽ പരിശോധനകൾക്കായി ഫോറന്‍സിക്കിന് കൈമാറി. 

ശനിയാഴ്ച രാവിലെയോടെയാണ് തിരുമൂർത്തി - വിശ്വലക്ഷ്മി ദമ്പതികളുടെ മകളുടെ മൃതദേഹം പിതാവിന്റെ പരാതിയെ തുടർന്ന് പുറത്തെടുത്തത്. 16ന് രാവിലെ പാൽതൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. 

വട്ടവട മെഡിൽ ഓഫീസർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ പൊലീസിന് വിവരങ്ങൾ കൈമാറാതെ കുട്ടിയെ വൈകുന്നേരത്തോടെ മറവുചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്.

ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണയുടെ സാനിധ്യത്തിലാണ് ദേവികുളം എസ്ഐയും സംഘവും മൃതദേഹം പുറത്തെടുത്ത് പരിശോധനകൾക്ക് വിധേയമാക്കിയത്. ഫോറൻസിക്ക് വിദഗ്ധരുടെ പരിശോധനാഫലം വരുന്നതിന് മാസങ്ങൾ കത്തിരിക്കണം.