മൂന്നാര്‍: തോട്ടം മേഖലകളില്‍ മൊബൈല്‍ കവറേജ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുമ്പില്‍ എഐവൈഎഫിന്റെ നേത്യത്വത്തില്‍ കിടപ്പ് സമരം. സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും എസ്‌റ്റേറ്റ് മേഖലകളില്‍ ഇന്റർനെറ്റ് കവറേജ് നല്‍കാൻ പോലും അധിക്യതര്‍ തയ്യറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം.

ആയിരക്കണക്കിന് തൊഴിലാളികളുടെ മക്കള്‍ തോട്ടംമേഖലയില്‍ ജീവിക്കുമ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളുടെ സേവനം ലഭ്യക്കാന്‍ ബിഎസ്എന്‍എല്‍ അധികാരികള്‍ യാതൊരുനടപടികളും സ്വീകരിക്കുന്നില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 

എന്നാല്‍ എസ്‌റ്റേറ്റുകളില്‍ മൊബൈല്‍ കവറേജ് പോലും നല്‍കുന്നതിന് അധിക്യതര്‍ക്ക് കഴിയുന്നില്ല. നിലവിലെ പ്രശ്‌നങ്ങള്‍ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ എഐവൈഎഫിന്റെ നേത്യത്വത്തില്‍ മൂന്നാര്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുമ്പില്‍ കിടപ്പ് സമരം സംഘടിപ്പിച്ചത്. 

സമരം സിപിഐ എക്‌സിക്യൂട്ടീവ് അംഗം ടിഎം മുരുകന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ചന്ദ്രപാല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യദാസ് സ്വാഗതവും, തുടര്‍ന്ന് എസ്.പി കണ്ണന്‍, സന്തോഷ്, ടി. ഗാന്ധി, വിമല്‍രാജ്  കാര്‍ത്തിക് തുടങ്ങിയവര്‍ പങ്കെടുത്തു.